Administrator
Administrator
കപ്പല്‍ കമ്പനി 25 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി കെട്ടിവെയ്ക്കണം: ഹൈക്കോടതി
Administrator
Wednesday 22nd February 2012 2:55pm

ന്യൂദല്‍ഹി: ഇറ്റാലിയന്‍ കപ്പല്‍ കമ്പനിയോട് ബാങ്ക് ഗ്യാരണ്ടി കെട്ടിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 25 ലക്ഷം രൂപയുടെ ഗ്യരണ്ടിയാണ് കെട്ടിവെയ്‌ക്കേണ്ടത്. ബാങ്ക് ഗ്യാരണ്ടി കെട്ടിവെച്ചു കഴിഞ്ഞാല്‍ കപ്പലിന് തുറമുഖം വിടാം. മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് തടസ്സമുണ്ടാക്കാന്‍ ആരേയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ പണം കെട്ടിവെച്ചില്ലെങ്കില്‍ കപ്പല്‍ പിടിച്ചുവെയ്ക്കുമെന്നും കോടതി വിശദമാക്കി. കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ ഡോറ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ഹാറൂണ്‍ റഷീദിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അഡ്മിറാലിറ്റി ഒഫന്‍സ് പ്രകാരം ഒരു കോടി രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടത്.

അതേസമയം മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടാനിടയായ വെടിവെപ്പ് നടന്നത് ഇന്ത്യന്‍ കടല്‍ പരിധിയിലല്ലെന്ന് ഇറ്റലി ആവര്‍ത്തിച്ചു. സംഭവമുണ്ടായത് അന്താരാഷ്ട്ര സമുദ്രമേഖലയിലാണെന്ന്  വിദേശകാര്യഉപമന്ത്രി സ്റ്റെഫാന്‍ ദേ മിസ്തുര പറഞ്ഞു. ഇറ്റലി ഇന്ത്യ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം ദു:ഖകരമാണ്. എന്നാല്‍ സംഭവത്തിലെ സത്യാവസ്ഥ കണ്‌ടെത്തേണ്ടതുണ്ട്. നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കുമെന്നും ഇന്ന് തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മിസ്തുര പറഞ്ഞു. രാവിലെ ഡല്‍ഹിയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി പ്രിനീത് കൗറുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചയില്‍ ഇരുഭാഗവും അവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു

ഇറ്റാലിയന്‍ സ്ഥാനപതിയും ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തിന്റെ വാദം പറഞ്ഞത് കേരള ഹൗസ് റസിഡന്‍സ് കമ്മീഷണര്‍ യു.കെ.എസ് ചൗഹാന്‍ ആയിരുന്നു.

Malayalam News

Kerala News In English

Advertisement