Categories

കടല്‍ക്കൊലക്കേസ്: സാക്ഷികളായ ഇറ്റാലിയന്‍ നാവികരുടെ മൊഴിയെടുത്തു

enrica-lexie

ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ സാക്ഷികളായ ഇറ്റാലിയന്‍ നാവികരുടെ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തി. റോമിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ വച്ച് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്.

കേസില്‍ അറസ്റ്റിലായ സാല്‍വത്തോറ ജീറോണ്‍, ലത്തോറെ മാസി മിലാനോ എന്നീ ഇറ്റാലിയന്‍ നാവികര്‍ക്കൊപ്പം എന്റിക്ക ലെക്‌സി കപ്പലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നാവിക സേനാംഗങ്ങളാണ് ഇവര്‍.

ഇവരുടെ മൊഴിയെടുക്കാന്‍ ഇന്ത്യയിലേക്ക് വിടണമെന്ന് നയതന്ത്ര ചാനലിലൂടെ ഇറ്റലിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല. നാല് പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇറ്റലിയിലെത്തി മൊഴിയെടുക്കാമെന്നും അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴിയെടുക്കാമെന്നുമായിരുന്നു  ഇറ്റലിയുടെ നിലപാട്. ഇതിനെത്തുടര്‍ന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഇറ്റലിയില്‍ പോയി മൊഴിയെടുക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു  ഇന്ത്യയുടെ തീരത്ത് നിന്നും 20.5 നോട്ടിക്കല്‍ അകലെയായിരുന്ന എന്റിക്ക ലെക്‌സി കപ്പലിലെ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണുള്ളത്.