എഡിറ്റര്‍
എഡിറ്റര്‍
ഇറ്റാലിയന്‍ നാവികര്‍ കൊച്ചിയില്‍ തിരിച്ചെത്തി
എഡിറ്റര്‍
Friday 4th January 2013 9:09am

കൊച്ചി: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ കൊച്ചിയില്‍ തിരിച്ചെത്തി. ഇറ്റാലിയന്‍ നാവികരുമായി എത്തിയ ചാര്‍ട്ടേഡ് വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്.

Ads By Google

നാവിക സേനാംഗങ്ങളായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിലിറങ്ങിയത്.

കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥയനുസരിച്ച് നാവികര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകും. തുടര്‍ന്ന് കൊല്ലം കോടതിയില്‍ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചേല്‍പ്പിക്കും.

കോടതി നടപടികളോട് പൂര്‍ണമായും സഹകരിക്കുമെന്ന് ഇറ്റാലിയന്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു. നാവികരെ തിരിച്ചെത്തിച്ച് ഇറ്റലി ഇന്ത്യയ്ക്ക് നല്‍കിയ വാക്കുപാലിച്ചിരിക്കുന്നെന്ന് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ഇറ്റലിയിലെ സിയാപിനോ വിമാനത്താവളത്തില്‍ നിന്നും പ്രത്യേക സൈനികവിമാനത്തില്‍ കയറുന്നതിനുമുമ്പായി ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ ഇവരെ അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

ഹെക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്രിസ്മസ് ആഘോഷത്തിന് നാവികര്‍ നാട്ടിലേക്ക് പോയത്. ഇവര്‍ ആറ് കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും നല്‍കിയിരുന്നു.

ജനുവരി 10-ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പ് തിരിച്ചെത്തണമെന്നാണ് കൊച്ചി വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്.

പ്രതികളെ വിചാരണയ്ക്കായി തിരിച്ചെത്തിക്കാമെന്ന ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെയും നയതന്ത്ര പ്രതിനിധികളുടെയും ഉറപ്പ് കേന്ദ്ര സര്‍ക്കാരിന് സ്വീകാര്യമാണെങ്കില്‍ ഹരജിക്കാര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാനായി രണ്ടാഴ്ചത്തേക്ക് ഇറ്റലിയിലേക്ക് പോകാമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തുവെങ്കിലും ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ ഉറപ്പില്‍ നാവികരെ വിട്ടയയ്ക്കുന്നതിന് എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് രണ്ടാഴ്ചത്തേക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് ജസ്റ്റീസ് പി. ഭവദാസന്‍ ഉത്തരവ് നല്‍കിയത്. കൊച്ചിയില്‍ തിരിച്ചെത്തിയാല്‍ ജാമ്യവ്യവസ്ഥകള്‍ തുടരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

2012 ഫെബ്രുവരി 15 ന് നീണ്ടകരയില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ടിന് നേരേ ഇറ്റാലിയന്‍ കപ്പല്‍ എന്‍ട്രിക്കാ ലെക്‌സിയില്‍ നിന്ന് വെടിവയ്പുണ്ടാകുകയായിരുന്നു. നീണ്ടകര തുറമുഖത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലിലായിരുന്നു സംഭവം.

വെടിവെപ്പില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവര്‍ മരിക്കുകയും ചെയ്തിരുന്നു. കടല്‍ക്കൊള്ളക്കാര്‍ എന്ന് ധരിച്ചാണ് വെടിയുതിര്‍ത്തത് എന്നാണ് ഇറ്റലിയുടെ വാദം.

Advertisement