ന്യൂദല്‍ഹി: കൊല്ലം നീണ്ടകരക്കടുത്ത് കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്തി. ഭാരത സര്‍ക്കാര്‍ ചില വ്യക്തമായ ഉറപ്പു നല്‍കിയതിനാലാണ് നാവികരെ തിരിച്ചയക്കുന്നതെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഇറ്റലിക്ക് ഉറപ്പ് നല്‍കിയതായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പാര്‍ലമെന്റില്‍ സമ്മതിച്ചിരുന്നു.

Ads By Google

വെള്ളിയാഴ്ച്ച വൈകീട്ട് 5.30 ഓടെയാണ് നാവികരെയും കൊണ്ടുള്ള പ്രത്യേക ഇറ്റാലിയന്‍ സൈനിക വിമാനം ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. 20 മിനിറ്റുകള്‍ക്കുള്ളില്‍ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ ഇറ്റാലിയന്‍ എംബസിയിലേക്ക് കൊണ്ടുപോയി.

വോട്ടുചെയ്യാന്‍ ഇറ്റലിയിലേക്ക് പോയ കൊലക്കേസ് പ്രതികളായ ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലത്തോറെ മാസിമിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍
മടങ്ങിയെത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയായിരുന്നു. പ്രതികള്‍ക്കൊപ്പം ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രിയും സ്റ്റഫാന്‍ ഡി മിസ്തൂരയും ദല്‍ഹിയിലെത്തിയിട്ടുണ്ട്.

നാവികരെ തിരികെ ഇന്ത്യലെത്തിക്കില്ലെന്ന ഇറ്റലിയുടെ നിലപാട് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു. ഇന്ത്യയുമായുള്ള തര്‍ക്കം അന്താരാഷ്ട്ര വിഷയമാണെന്നും ഇന്ത്യക്ക് വേണമെങ്കില്‍ അന്ത്രരാഷ്ട്ര സംവിധാനങ്ങളെ ആശ്രയിക്കമെന്നും ഇറ്റലി വ്യക്തമാക്കിയരുന്നു. കടല്‍ക്കൊലക്കേസ്സിനു ശേഷം ഇന്ത്യയും ഇറ്റലിയും തമ്മില്‍ നിലവില്‍ വന്ന കുറ്റവാളികളെ കൈമാറാനുള്ള കരാറും ഇറ്റലി ആയുധമാക്കി.

എന്നാല്‍ ഇറ്റാലിയന്‍ നിലപാടിനെതിരെ അതിശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്ന് വന്നത്. സുപ്രീം കോടതിയും പ്രശ്‌നത്തില്‍ ശക്തമായി ഇടപെട്ടു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനും പഴയ നിലപാടില്‍ നിന്ന് മാറി ശക്തമായ ഭാഷ ഉപയോഗിക്കേണ്ടി വന്നു.

പ്രതികളെ തിരികെയെത്തിക്കാമെന്ന് സ്വന്തം നിലക്ക് കോടതിയില്‍ ഉറപ്പുനല്‍കിതിനാല്‍, സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ ഇല്ലെന്നും ഇറ്റാലിയന്‍ സ്ഥാനപതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും, അദ്ദേഹം രാജ്യം വിടരുതെന്നുമുള്ള ശക്തമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലാത്തതിനാല്‍ വധശിക്ഷ ഉണ്ടാവില്ലെന്നാണ് ഇന്ത്യ ഇറ്റലിയെ അറിയിച്ചതെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പാര്‍ലമെന്റില്‍ വിശദീകരിച്ചു. ഇന്ന് നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ അവരെ അറസ്റ്റ് ചെയ്യില്ലെന്നും ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു. ഇറ്റലി ഉന്നയിച്ച സംശയങ്ങള്‍ക്കെല്ലാം ഇന്ത്യ വ്യക്തമായി മറുപടി നല്‍കിയെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ ലഭിച്ചേക്കില്ലെന്നാണ് ഇറ്റലിയെ അറിയിച്ചതെന്നും നിയമം അറിയാത്തവര്‍ വിവരക്കേട് പ്രചരിപ്പിക്കുകയാണെന്നും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പന്നീട് വിശദീകരിച്ചു.

അതേ സമയം ഇറ്റാലിയന്‍ നാവികരെ ഇന്ത്യക്ക് കൈമാറിയതിനെതിരെ ഉറപ്പ് നല്‍കിയതിനാല്‍ ഇറ്റലിയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി രാജിവെയ്ക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.