ആര്യ രാജന്‍

ന്യൂദല്‍ഹി: എല്ലാവരേയും ആത്മാര്‍ത്ഥമായി വഞ്ചിച്ചുകൊണ്ട് കടല്‍ക്കൊലക്കേസിലെ പ്രതികളായ നാവികര്‍ ഇറ്റയിലെത്തി. ഇനി അറിയേണ്ടത് ഇതിന് പിന്നില്‍ നടന്ന നാടകങ്ങളെ കുറിച്ചാണ്. നാവികരെ ഇന്ത്യയില്‍ നിന്നും ഇറ്റയിലെത്തിക്കാന്‍ ചരട് വലിച്ചത് കേന്ദ്രസര്‍ക്കാരാണെന്ന ആരോപണമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

Ads By Google

ഇന്ത്യന്‍-ഇറ്റാലിയന്‍ സര്‍ക്കാരുകള്‍ തമ്മില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഇടതുപാര്‍ട്ടികളും ബി.ജെ.പിയും ഒരു പോലെ ആരോപിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ജന്മനാടായ ഇറ്റലിയും സോണിയയുടെ നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാരും തമ്മില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം.

ഇറ്റലിയുടെ നിലപാട് അസ്വീകാര്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി മണിക്കൂറുകള്‍ക്കുള്ളില്‍ നിലപാട് മാറ്റിയതും ശ്രദ്ധേയമാണ്. ഇന്നലെ രാവിലെ 11.30ന് പ്രധാനമന്ത്രിയെ കണ്ട ഇടത് എം.പിമാരായ പി. കരുണാകരന്‍, സി.പി. നാരായണന്‍, എം.പി അച്യുതന്‍, ടി.എന്‍. സീമ, കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, പി.കെ. ബിജു എന്നിവരോടാണ് ഇറ്റാലിയന്‍ നടപടി അസ്വീകാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞത്.

താന്‍ രാവിലെ പത്രങ്ങളിലൂടെ വിവരമറിഞ്ഞുവെന്നും എത്രയും വേഗം നയതന്ത്ര തലത്തിലൂടെ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം എം.പിമാര്‍ മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അദ്ദേഹം അസ്വീകാര്യം എന്ന് പറഞ്ഞിട്ടില്ലെന്നും നടപടികള്‍ സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയതെന്നും വിശദീകരിച്ചത്.

ഈ ഒരു വിശദീകരണത്തിലൂടെ ജനങ്ങള്‍ എന്താണ് മനസിലാക്കേണ്ടതെന്ന് കൂടി അവര്‍ പറയുന്നത് നന്നാകും.

ബോഫോഴ്‌സ് കേസില്‍ ഇറ്റാലിയന്‍ പൗരനായ ഒട്ടാവിയോ ക്വട്ടറോക്കിയെ രക്ഷിച്ചതിന് സമാനമായ ഗൂഢാലോചന ഇറ്റാലിയന്‍ നാവികരുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ പ്രധാന ആരോപണം.

ഇന്ത്യന്‍ നിയമ വ്യവസ്ഥയെ പൂര്‍ണമായി തള്ളിക്കളഞ്ഞും പരിഹസിച്ചുമാണ് ഇറ്റലി നിലപാടെടുത്തിട്ടുള്ളത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന് മാത്രമാണ്. ആ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് എളുപ്പത്തിലൊന്നും ഒഴിവാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ബോഫോഴ്‌സ് കേസില്‍ ഇറ്റാലിയന്‍ പൗരനായ ഒട്ടാവിയോ ക്വട്ടറോക്കിയെ രക്ഷിച്ചതിന് സമാനമായ ഗൂഢാലോചന ഇറ്റാലിയന്‍ നാവികരുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ പ്രധാന ആരോപണം.

ഇന്ത്യന്‍ നിയമ വ്യവസ്ഥയെ പൂര്‍ണമായി നാണം കെടുത്തിയിരിക്കുകയാണ് ഇറ്റലിയെന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചുരിയും ആരോപിക്കുന്നു.

ഇന്ത്യയില്‍ വിചാരണത്തടവുകാര്‍ക്ക വോട്ട് ചെയ്യാന്‍ അധികാരമില്ലാതിരിക്കെ, ഇന്ത്യന്‍ നിയമം അനുസരിച്ച് വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് വോട്ട് ചെയ്യാനായി നാട്ടില്‍ പോകാന്‍ എങ്ങനെയാണ് അനുമതി നല്‍കുന്നതെന്നും യെച്ചൂരി ചോദിച്ചു. ഇറ്റാലിയന്‍ നാവികരെ തിരികെ കൊണ്ടുവരാന്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുക തന്നെ വേണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

ആരോപണം ശക്തമായതോടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ .ഇറ്റാലിയന്‍ അംബാസിഡറെ പുറത്താക്കാനും റോമിലെ ഇന്ത്യന്‍ സ്ഥാനപതിയെ തിരിച്ച് വിളിക്കാനുമുള്ള തീരുമാനം അതില്‍ നിന്നും വന്നതാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ നാവികരുടെ വിഷയം കോണ്‍ഗ്രസിനെ കനത്ത സമ്മര്‍ദത്തിലാക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇറ്റാലിയന്‍ നാവികരെ തിരികെ ഇന്ത്യയിലെത്തിക്കുക ബുദ്ധിമുട്ടായേക്കുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന വിവരം.

പ്രതികളെ മടക്കിക്കൊണ്ടുവരാമെന്ന ഇറ്റാലിയന്‍ സ്ഥാനപതിയുടെ ഒരു ഉറപ്പിന്റെ മാത്രം അടിസ്ഥാനത്തിലാണ് കോടതി ജാമ്യ വ്യവസ്തയില്‍ð ഇളവ് നല്‍കി പ്രതികളെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിച്ചത്.

എന്നാല്‍ ഇവര്‍ തിരിച്ചുവരില്ല എന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ജൂലിയോ തര്‍സി ഇന്ത്യയെ ഔദ്ധ്യോഗികമായി അറിയിച്ചതോടെ ഇറ്റാലിയന്‍ സ്ഥാനപതിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടുകയായിരുന്നു.

ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാട് അസ്വീകാര്യമാണെന്നും ജാമ്യകാലാവധി തീരുന്ന മുറയ്ക്കു നാവികരെ തിരികെ എത്തിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം ഇറ്റാലിയന്‍ സര്‍ക്കാരിനെ അറിയിക്കാമെന്ന ഉറപ്പു മാത്രമാണ് അംബാസിഡര്‍ നല്‍കിയത്.

അതിനിടെ ഇറ്റലിയുടെ നിലപാടും സര്‍ക്കാരിന്റെ സമീപനവും ഇന്നലെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളത്തിന് കാരണമായി. പാര്‍ലമെന്റ് നടപടികള്‍ പൂര്‍ണമായി സ്തംഭിക്കുകയും ചെയ്തു.

വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ നിലപാടും വ്യത്യസ്തമല്ലായിരുന്നു. താന്‍ ഇറ്റലിയുടെ കത്തു വായിച്ചിട്ടില്ലെന്നും വായിച്ചതിന് ശേഷമേ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കൂവെന്ന് തീരുമാനിക്കുകയുള്ളു എന്നുമാണ് ഇന്നലെ വ്യക്തമാക്കിയത്. ഇതും വ്യാപക വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

നാവികര്‍ക്ക് വോട്ട് ചെയ്യാനായി ഇറ്റലിക്ക് പോകാന്‍ അനുമതി നല്‍കിയതിലും ആരോപണമുയര്‍ന്നിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്താന്‍ സംവിധാനമുള്ള വിവരം സുപ്രീം കോടതിയില്‍ നിന്ന് ഇവര്‍ മറച്ചുവെയ്ക്കുകയായിരുന്നു.

അന്താരാഷ്ട്ര ദൗത്യത്തിന്റെ ഭാഗമായി ഇറ്റലിക്ക് പുറത്ത് ജോലി ചെയ്യേണ്ടി വരുന്ന സുരക്ഷാഭടന്മാര്‍ക്ക് അതത് രാജ്യത്തെ ഇറ്റാലിയന്‍ എംബസിയില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്.

അതേസമയം രാജ്യാന്തര കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച ഇന്ത്യ വിദേശ പൗരന്മാര്‍ക്ക് നല്‍കേണ്ട നിയമപരിരക്ഷ നല്‍കാന്‍ തയാറായില്ലെന്നും വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയ കുറിപ്പില്‍ ഇറ്റലി ആരോപിക്കുന്നു. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങളോട് ഇന്ത്യ സഹകരിച്ചില്ലെന്നും രാജ്യാന്തര കീഴ്‌വഴക്കങ്ങള്‍ അനുസരിച്ച് ഒത്തുതീര്‍പ്പിന് തയാറാണെന്നും ഇറ്റലി വ്യക്തമാക്കി. തടവുകാരെ പരസ്പരം കൈമാറുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തിന് നല്‍കിയ കുറിപ്പില്‍ സൂചിപ്പിച്ചിട്ടില്ല.

ഇറ്റലിയുടെ അറിയിപ്പു ലഭിച്ചതായി സ്ഥിരീകരിച്ച ഇന്ത്യ തുടര്‍നടപടികള്‍ എന്താകുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന് ഒരു വിദേശരാജ്യത്തിന്റെ അംബാസഡര്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെടുന്നത് അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്.

ഇറ്റലിയുടെ ഈ നീക്കത്തിനെതിരെ വരും ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ എന്തൊക്കെയെന്ന് കാത്തിരുന്ന് കാണാം.