Categories

ഇറ്റാലിയന്‍ മറീനുകള്‍ ശിക്ഷ ഇറ്റലിയില്‍ അനുഭവിച്ചാല്‍ മതി

ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ മറീനുകള്‍ക്ക്  ഇളവ്. ഇരു രാജ്യങ്ങളിലും ശിക്ഷിക്കപ്പെടുന്നവര്‍ക്കു സ്വന്തം രാജ്യത്തെ ജയിലില്‍ കഴിയാമെന്നാണു കരാര്‍.

Ads By Google

കടല്‍ക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ടാലും ഇറ്റാലിയന്‍ നാവികര്‍ക്ക് ശിക്ഷ ഇറ്റലിയില്‍ അനുഭവിച്ചാല്‍ മതി. ഇന്ത്യയും ഇറ്റലിയും തമ്മിലുണ്ടാക്കിയ പുതിയ കരാര്‍ പ്രകാരമാണ് തീരുമാനം. ഡിസംബര്‍ 17നാണ് കരാര്‍ നിലവില്‍ വന്നത്.

കടലിലെ വെടിവയ്പുണ്ടാകുന്നതിന് മുന്‍പ് 2012 ജനുവരിയിലാണ് കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ ഡിസംബറോടെ തന്നെ നിയമം നിലവില്‍ വന്നു.

കരാര്‍ പ്രകാരം ഇന്ത്യയില്‍ ശിക്ഷ അനുഭവിക്കുന്ന മറ്റു മൂന്ന് ഇറ്റാലിയന്‍ പൗരന്മാരുടെ കാര്യത്തിലും ഇതേ നിയമം ബാധകമാകും.

2012 ഫെബ്രുവരി 15 ന് നീണ്ടകരയില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ടിന് നേരേ ഇറ്റാലിയന്‍ കപ്പല്‍ എന്‍ട്രിക്കാ ലെക്‌സിയില്‍ നിന്ന് വെടിവയ്പുണ്ടാകുകയായിരുന്നു. നീണ്ടകര തുറമുഖത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലിലായിരുന്നു സംഭവം.

വെടിവെപ്പില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവര്‍ മരിക്കുകയും ചെയ്തിരുന്നു.

കടല്‍ക്കൊള്ളക്കാര്‍ എന്ന് ധരിച്ചാണ് വെടിയുതിര്‍ത്തത് എന്നായിരുന്നു ഇറ്റലിയുടെ വാദം. ഇറ്റാലിയന്‍ നാവികരായ ലത്തോറ മാസിമിലിയോന, സാല്‍വത്തോറ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

കേസില്‍ പിടിയിലായ നാവികര്‍  കേസെടുക്കാന്‍ കേരളത്തിന് അവകാശമില്ലെന്ന് കാണിച്ച് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് സംഭവം നടന്നതെന്നും അതിനാല്‍ തന്നെ ഇന്ത്യന്‍ നിയമം ബാധകമല്ലെന്നും  റോമിലെ സൈനിക കോടതിക്കാണ് അതിനുള്ള അധികാരമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നാവികര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേസ് തള്ളണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ നാവികര്‍ സമര്‍പ്പിച്ച ഹരജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമര്‍പ്പിച്ചത്. ഡിസംബര്‍ 22ന് നാവികര്‍ക്ക് ക്രിസ്മസ് ആഘോഷിക്കുന്നതിനായി ഇറ്റലിയിലേക്ക് പോകാന്‍ ഹൈക്കോടതി അനുവദിച്ചിരുന്നു.