എഡിറ്റര്‍
എഡിറ്റര്‍
കടല്‍ കൊല: ഇറ്റാലിയന്‍ നാവികരെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റും
എഡിറ്റര്‍
Friday 25th May 2012 8:38am

എറണാകുളം: കടല്‍ വെടിവെപ്പ് കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന  ഇറ്റാലിയന്‍ നാവികരെ കാക്കനാട് ജില്ലാ ജയിലിലുള്ള ബോസ്റ്റല്‍ സ്‌കൂളിലേക്ക് ഇന്ന് മാറ്റും. ആദ്യം കൊല്ലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് എറണാകുളത്തേക്ക് കൊണ്ടുപോകുക.

ജയിലില്‍ കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ വേണമെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ നേരത്തെ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണിത്. ഇതിന്റെ ഭാഗമായി ഇറ്റാലിയന്‍ പ്രതിനിധി സംഘം നേരത്തെ തന്നെ ജില്ലാ ജയിലിലെത്തി സൗകര്യങ്ങള്‍ പരിശോധിച്ചിരുന്നു.

ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജീയാം പൗലോ ക്യൂറ്റില്ലോയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ജില്ലാ ജയില്‍ വളപ്പിലെ ബോസ്റ്റല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചത്.
കൗമാര പ്രായക്കാരായ തടവുകാരെ പാര്‍പ്പിക്കാന്‍ വേണ്ടിയുള്ള ബോസ്റ്റല്‍ സ്‌കൂളാണ് ഇത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെയാണ് കാക്കനാട്ടെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റുന്നത്.

നാവികരെ മാറ്റി പാര്‍പ്പിക്കണമെന്ന് ഇറ്റാലിയന്‍ അധികൃതര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പല സ്ഥലങ്ങളും നോക്കിയെങ്കിലും കാക്കനാട് ബോസ്റ്റല്‍ സ്‌കൂളാണ് അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടത്.

Advertisement