എഡിറ്റര്‍
എഡിറ്റര്‍
ഇറ്റാലിയന്‍ നാവികര്‍ കേരളം വിട്ടു
എഡിറ്റര്‍
Saturday 19th January 2013 9:11am

ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ പിടിയിലായ ഇറ്റാലിയന്‍ നാവികരായ മാര്‍സിമിലാനോ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവര്‍ കേരളം വിട്ടു. സുപ്രീം കോടതി വിധിപ്രകാരമാണ് നാവികര്‍ ദല്‍ഹിയിലേക്ക് തിരിച്ചത്.

Ads By Google

ഇന്നലെ രാത്രി 8.15ന് നെടുമ്പാശ്ശേരിയില്‍ നിന്നാണ് നാവികര്‍ ദല്‍ഹിക്ക് തിരിച്ചത്.  ഇന്നലെയാണ് ഇറ്റാലിയന്‍ നാവികരുടെ ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചത് നാവികര്‍ക്ക് കേരളം വിട്ടുപോകാമെന്ന് സുപ്രീം കോടതി വിധിയ്ക്കുകയായിരുന്നു.

ദല്‍ഹിയില്‍ ഇറ്റാലിയന്‍ എംബസിയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് നാവികരെ താമസിപ്പിക്കാം. ആഴ്ചയിലൊരിക്കല്‍ ചാണക്യപുരി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം. നാവികരുടെ പാസ്‌പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രത്യേക കോടതി സ്ഥാപിക്കുംവരെ കേസിലെ തുടര്‍നടപടികള്‍ സുപ്രീം കോടതിയുടെ കീഴിലായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികര്‍ നല്‍കിയ ഹരജിയിലായിരുന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. വെടിവെയ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അല്ല എന്ന നാവികരുടെ വാദം അംഗീകരിച്ചായിരുന്നു വിധി. എന്നാല്‍ കടല്‍ക്കൊലക്കേസിലെ സുപ്രീംകോടതി വിധി കേരളത്തിന് തിരിച്ചടിയല്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

മാരിടൈം നിയമമനുസരിച്ച് വിചാരണ നടത്തണമെന്നും ഇതിനായി ദല്‍ഹിയില്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം, കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന നാവികരുടെ ആവശ്യം കോടതി തള്ളി. ഇവര്‍ക്കെതിരായുള്ള കേസ് നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു.

ഇതോടെ കടല്‍ക്കൊല കേസില്‍ കേരളത്തിലെ എല്ലാ നിയമനടപടികളും അവസാനിച്ചു.

കേസെടുക്കാന്‍ കേരളാ പോലീസിന് അവകാശമുണ്ടെന്ന്  ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. കേസ്സെടുക്കാന്‍ കേരളത്തിന് അധികാരമുണ്ടെന്നും ഇറ്റലി നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്നും കേന്ദ്ര സര്‍ക്കാറും നേരത്തെ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.  എന്നാല്‍ റോമിലെ സൈനിക കോടതിക്ക് മാത്രമാണ് വിചാരണ നടത്തുന്നതിനുള്ള അധികാരമെന്നാണ് ഇറ്റലിയുടെ വാദം.

2012 ഫെബ്രുവരി 15 ന് നീണ്ടകരയില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ടിന് നേരേ ഇറ്റാലിയന്‍ കപ്പല്‍ എന്‍ട്രിക്കാ ലെക്‌സിയില്‍ നിന്ന് വെടിവയ്പുണ്ടാകുകയായിരുന്നു. നീണ്ടകര തുറമുഖത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലിലായിരുന്നു സംഭവം.

വെടിവെപ്പില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവര്‍ മരിക്കുകയും ചെയ്തിരുന്നു.

Advertisement