ന്യൂദല്‍ഹി: ഒറീസയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ വിനോദസഞ്ചാരി പൗലോ ബോസ്‌കോയെ വിട്ടയച്ചു. കന്തമാല്‍ ജില്ലയില്‍വെച്ച് മധ്യസ്ഥന്‍ ദണ്ഡപാണി മൊഹാറ്റിക്കും  ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും  ബോസുസ്‌കോയെ കൈമാറി.

മാവോയിസ്റ്റ് നേതാവ് സഭ്യസാച്ചി പാണ്ഡയുടെ ഭാര്യ ശുഭശ്രീ ദാസിനെ വിട്ടയച്ചതാണ് ബോസ്‌കോയുടെ മോചനം സാധ്യമായത്.

‘മോചിതനായതില്‍ സന്തോഷമുണ്ട്. ഞാനിപ്പോള്‍ ക്ഷീണിതനാണ്. എനിക്ക് വിശ്രമമാവശ്യമാണ്.’ മോചിതനായശേഷം ബോസ്‌കോ പറഞ്ഞു.

കന്താമാല്‍ ജില്ലയിലെ ഡാരിംഗ്ബാദി കാട്ടില്‍ ട്രെക്കിംകൊന്ധമാല്‍ ജില്ലയില്‍ ഗോത്ര വര്‍ഗക്കാരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടു പോയത്. പുരിയിലെ ഇറ്റാലിയന്‍ ടൂര്‍ ഓപ്പറേറ്റര്‍ ബോസ്‌കോയും കൂടെയുണ്ടായിരുന്ന ക്ലൗഡിയോ കൊളാന്‍ഞ്ചെലോയുമാണ് മാവോയിസ്റ്റുകളുടെ പിടിയിലായത്.  ഇവരെ വിട്ടയയ്ക്കാന്‍ പതിമൂന്ന് ആവശ്യങ്ങളാണു മവോയിസ്റ്റുകള്‍ മുന്നോട്ടു വച്ചിരുന്നത്.

ഇതില്‍ ഒരാളെ തട്ടിക്കൊണ്ടുപോയി 11 ദിവസം കഴിഞ്ഞപ്പോള്‍ മാവോയിസ്റ്റുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറിയിരുന്നു. എട്ട് മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ 27 തടവുകാരെ മോചിപ്പിക്കാന്‍ ഏപ്രില്‍ 4 ന് ഒറീസ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബോസ്‌കോ, ജിന ഹികാക എം.എല്‍.എ എന്നിവരെ വിട്ടുനല്‍കുന്നതിന് പകരമായായിരുന്നു ഇത്.

മാര്‍ച്ച് 24നാണ് ഹികാകയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. അദ്ദേഹം ഇപ്പോഴും മാവോയിസ്റ്റുകളുടെ കസ്റ്റഡിയില്‍ തന്നെയാണ്. എം.എല്‍.എയെ വിട്ടുനല്‍കണമെങ്കില്‍ പോലീസ് പിടിയിലുള്ള മുപ്പത് മാവോയിസ്റ്റുകളെ മോചിപ്പിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.