കൊച്ചി: ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികളെ വെടിവെച്ച് കൊന്ന് റിമാന്റില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇക്കാര്യത്തില്‍ വിശദീകരണമാവശ്യപ്പെട്ട്  കേന്ദ്ര സര്‍ക്കാറിനും കേരള സര്‍ക്കാറിനും നോട്ടീസയക്കാന്‍ കോടതി നിര്‍ദേശിച്ചു.

ഇറ്റാലിയന്‍ പ്രതിനിധി ജനറല്‍ ജിയാന്‍ പൗലോ ക്യുടിലോയും നാവികരായ ലാത്തോര്‍ മാസിമിയാനോ, സല്‍വാതോര്‍ ജിറോണ എന്നിവരും ചേര്‍ന്നാണ് ഹരജി നല്‍കിയിരിക്കുന്നത്. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് ഇവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe Us:

സംഭവവുമായി ബന്ധപ്പെട്ട കേസന്വേഷിക്കാന്‍ കേരള പൊലീസിന് അധികാരമില്ല. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്താണ് വെടിവെപ്പ് നടന്നത്. അതിനാല്‍ ഇന്ത്യയിലെ കോടതിയുടെ അധികാര പരിധിക്ക് പുറത്താണിതെന്നും ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു.

ഇറ്റാലിയന്‍ നാവികരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട വാലന്റൈന്‍ ജലസ്റ്റിന്റെ ഭാര്യ ഡോറയും മത്സ്യത്തൊഴിലാളി ഐക്യവേദിയും കേസില്‍ കക്ഷി ചേര്‍ന്നു.

അതേസമയം, തങ്ങളുടെ നാവികരുടെ മോചനത്തിനായി സാധ്യമായത് എന്തും ചെയ്യുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറ്റാലിയന്‍ നാവികരുടെ മോചനത്തിനായി ഇടപെടാന്‍ ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റീഫന്‍ ഡി മിസ്തുറ ബുധനാഴ്ച ഇന്ത്യയിലെത്തിരുന്നു.

Malayalam News

Kerala News In English