Categories

ഇറ്റാലിയന്‍ നാവികര്‍ റിമാന്‍ഡില്‍: കോടതിക്ക് പുറത്ത് പ്രതിഷേധം

കൊല്ലം: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനായി പ്രതികളെ ഈ മാസം 23 വരെ പോലീസ് കസ്റ്റഡിയില്‍ വിടുന്നതായി കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. ചോദ്യം ചെയ്യലിനായി 3 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

യുവജനപ്രസ്ഥാനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടയില്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ വന്‍സുരക്ഷാ സന്നാഹത്തോടെയാണ് അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. ഇറ്റാലിയന്‍ നയതന്ത്രപ്രതിനിധികളും പ്രതികളോടൊപ്പം മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്.

സൈനികരുടെയും, കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള പോലീസുകാരുടെയും സുരക്ഷാസന്നാഹത്തോടെയാണ് പ്രതികളെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. മജിസ്‌ട്രേറ്റിന്റെ വസതിയ്ക്കുമുന്നില്‍ പ്രതിഷേധവുമായി എത്തിയ യൂത്ത്‌കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, യുവമോര്‍ച്ച തുടങ്ങിയ സംഘടനകളെ പോലീസ് തടഞ്ഞത് ചെറിയ തോതില്‍ ഉന്തും തള്ളും ഉണ്ടാക്കി.  വളരെ പാടുപെട്ടാണ് പോലീസ് ഇവരെ നിയന്ത്രിച്ചത്.

കേസുമായി ബന്ധപ്പെട്ട റിമാന്‍ഡ് റിപ്പോര്‍ട്ടും വാറണ്ട് റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റിനുമുമ്പാകെ സിറ്റി പോലീസ് കമ്മീഷണറിന്റെ അധികചുമതലയുള്ള െ്രെകംബ്രാഞ്ച് എസ്.പി സാം ക്രിസ്റ്റി ഡാനിയല്‍ സമര്‍പ്പിച്ചു. ഇതോടൊപ്പം പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് കോടതി അവധിയായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. ഇന്നലെ വൈകീട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇറ്റാലിയന്‍ നാവികരായ ലെസ്‌റ്റോറെ, സെല്‍വ തോറെ എന്നിവരാണ് അറസ്റ്റിലായത്.

കേരള പൊലീസിന് നിയമനടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെയാണ് റേഞ്ച് ഐജി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കപ്പലില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. തുര്‍ന്ന് കൊല്ലം കമ്മീഷ്ണര്‍ സാംക്രിസ്റ്റി ഡാനിയലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചി സി.ഐ.എസ്.എഫ് ഗസ്റ്റ് ഹൗസില്‍ വച്ച് ഇരുവരെയും വിശദമായി ചോദ്യം ചെയ്തു. ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

അക്രമികളെന്ന് കരുതിയാണ് ബോട്ടിലുള്ളവരെ വെടിവച്ചതെന്ന് ഗാര്‍ഡുകള്‍ പൊലീസിനെ അറിയിച്ചതായാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റന്റെ മൊഴിയും നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഫോറന്‍സിക് വിഭാഗവും മര്‍ക്കന്റയില്‍ മറൈന്‍ വിഭാഗവും കപ്പലില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.