മുംബൈ: ടെലകോം രംഗത്തെ പ്രമുഖ കമ്പനികളെയെല്ലാം നിഷ്പ്രഭമാക്കി കൊണ്ടാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ രംഗപ്രവേശം ചെയ്തത്. സൗജന്യങ്ങളുടെ പെരുമഴ പെയ്യിച്ച ജിയോയ്‌ക്കെതിരെ നിലനില്‍പ്പിനായി മറ്റ് കമ്പനികള്‍ തിരിയുന്നത് സ്വാഭാവികം. എന്നാല്‍ പലഘട്ടത്തിലും ജിയോയെ ട്രായി സംരക്ഷിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ട്രായിയും ജിയോയ്ക്ക് മൂക്കു കയറിട്ടു.

പുതിയ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ഉടന്‍ നിര്‍ത്തണമെന്നാണ് ട്രായി ജിയോയ്ക്ക് നല്‍കിയ നിര്‍ദ്ദേശം. അനുസരിക്കുകയല്ലാതെ ജിയോയ്ക്ക് വേറെ നിവൃത്തിയില്ലായിരുന്നു. സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ജിയോ അവസാനിപ്പിച്ചു. എന്നാല്‍ അതുകൊണ്ടൊന്നും തങ്ങളെ തളയ്ക്കാനാകില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് ജിയോ.


Also Read: മമ്മൂട്ടിയുടെ പുത്തന്‍ പണം നേരത്തേയെത്തും; രഞ്ജിത്ത് ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു


കുറഞ്ഞ നിരക്കില്‍ വമ്പന്‍ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് ജിയോയുടെ പുതിയ നീക്കം. മറ്റ് കമ്പനികള്‍ക്ക് പരാതി നല്‍കാന്‍ ഇടനല്‍കാതെ വിപണി പിടിക്കുക എന്ന തന്ത്രമാണ് അംബാനി പ്രയോഗിക്കാനൊരുങ്ങുന്നത്. ഇതിനായി പുതിയ താരീഫ് പുറത്തുവിടുമെന്നാണ് അറിയുന്നത്.

ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച സൂചനകള്‍ ഉള്ളത്. ‘We are updating our tariff packs and will be soon introducing more exciting offers.’ എന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. ഇത് പ്രകാരം വളരെ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കാനാണ് ജിയോയുടെ ശ്രമമെന്നാണ് വിലയിരുത്തല്‍.

ജിയോ പ്രൈം അഗത്വമെടുത്തവര്‍ക്കാണ് നേരത്തേ സര്‍പ്രൈസ് ഓഫര്‍ ലഭിച്ചിരുന്നത്. പ്രൈം അംഗത്വം എടുത്തവര്‍ 303 രൂപയോ അതില്‍ കൂടുതലോ തുകയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മൂന്ന് മാസത്തേക്ക് സൗജന്യ സേവനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍പ്രൈസ് ഓഫര്‍. ഇതിനാണ് ട്രായി കടിഞ്ഞാണിട്ടത്. ട്രായിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമേ പ്രവര്‍ത്തിക്കൂവെന്നും ജിയോ അറിയിച്ചിട്ടുണ്ട്.