കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി സംസാരിച്ചത് പള്‍സര്‍ സുനി തന്നെയെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ശബ്ദം പൊലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റേതല്ലെന്നും പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റേതാണെന്നും പൊലീസ്. ജയിലില്‍ സുനിയ്ക്ക് മൊബൈല്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

സുനിയുടെ സുഹൃത്ത് വിഷ്ണുവാണ് അപ്പുണ്ണിയെ വിളിച്ചത് എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. രാവിലെയാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ഒന്നരക്കോടി രൂപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്ന് സംഭാഷണത്തില്‍ സുനി പറയുന്നത് കേള്‍ക്കാം. താന്‍ എഴുതിയ കത്ത് വായിക്കണമെന്നും ദിലീപിന്റെ മാനേജരോട് പള്‍സര്‍ സുനി ആവശ്യപ്പെടുന്നുണ്ട്.


Also Read: ശബരിമലയിലെ സ്വര്‍ണ കൊടിമരത്തില്‍ രാസവസ്തു എറിഞ്ഞ് കേടുവരുത്തി; സി.സി.ടി.വിയില്‍ നിര്‍ണ്ണായക ദൃശ്യങ്ങള്‍ കണ്ടെത്തി


സുനിലിന്റെ സഹതടവുകാരനായ വിഷ്ണു ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. നിരവധി തവണ ദിലീപിനെയും മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും വിഷ്ണു എന്നയാള്‍ വിളിച്ചിരുന്നു എന്നാണ് ഇന്നലെ ദിലീപും നാദിര്‍ഷയും വെളിപ്പെടുത്തിയത്.

അതേസമയം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴി എടുക്കും. ദിലീപിന്റെ മാനേജര്‍, ഡ്രൈവര്‍ എന്നിവരേയും ചോദ്യം ചെയ്യും.

ഈ മാസം 29 ന് ശേഷമായിരിക്കും രഹസ്യകേന്ദ്രത്തില്‍ വെച്ച് ദിലീപിന്റെ മൊഴിയെടുക്കുക. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി ഈ മാസം 29 ന് ശേഷമാണ് ദിലീപ് നാട്ടിലെത്തുക.