ന്യൂദല്‍ഹി:  ഇന്ത്യക്ക് മൂന്ന് ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ കിരീടങ്ങള്‍ നേടിത്തന്ന സഖ്യമാണ് പേസ് – ഭൂപതി സഖ്യം. പിരിഞ്ഞശേഷം ഈ വര്‍ഷമാദ്യം ഒത്തുചേര്‍ന്ന ഇവര്‍ അടുത്തിടെ വീണ്ടും വേര്‍പിരിയാന്‍ തീരുമാനിച്ചതിലൂടെ വാര്‍ത്തകളില്‍ ഇടം തേടിയിരുന്നു. വേര്‍പിരിയുന്ന കാര്യം പ്രഖ്യാപിച്ചപ്പോള്‍ അതിനുപിന്നിലെ കാരണം സംബന്ധിച്ച് ഇരുവരും ഒന്നും പറഞ്ഞിരുന്നില്ല. ലിയാന്റര്‍ പേസാണ് പിരിയാമെന്ന് തീരുമാനിച്ചതെന്ന് പറഞ്ഞ് മഹേഷ് ഭൂപതി ഇപ്പോള്‍ മൗനം വെടിഞ്ഞിരിക്കുകയാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭൂപതി ഇക്കാര്യം പറഞ്ഞത്.

‘ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞങ്ങളിരുവരുടേയും പ്രായം അനുവദിക്കുന്നില്ലെന്ന് പേസിന് തോന്നി. അതുകൊണ്ടുതന്നെ രണ്ടുപേര്‍ക്കും കുറച്ചുകൂടി യുവാവായ ഒരു പങ്കാളിവേണം’

ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടെന്ന കാര്യം ഭൂപതി നിഷേധിച്ചു. പേസിന്റെ തീരുമാനത്തെ ഒരു പ്രഫഷണല്‍ എന്ന നിലയില്‍ താന്‍ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്ന് ഭൂപതി വ്യക്തമാക്കി.

ഇന്ത്യന്‍ ടെന്നീസിന് ഏത് ടീമാണ് മികച്ചതെന്ന് തോന്നുന്നത് ആ ടീം ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നും ഭൂപതി പറഞ്ഞു. ജനുവരിയില്‍  നടക്കുന്ന ചെന്നൈ ഓപ്പണില്‍ മഹേഷ് ഭൂപതി ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പമാണ് കളത്തിലിറങ്ങുക. ലിയാന്‍ഡര്‍ ചെക്ക് റിപ്പബ്ലിക് താരം റാഡേക് സ്‌റ്റെപ്പനാക്കിനൊപ്പമാണ് ഡബിള്‍സ് കളിക്കുക.

മുന്‍ ലോക ഒന്നാം നമ്പര്‍ സഖ്യമായിരുന്ന ലീ ഹെഷ് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അടുത്തിടെയാണ് ഒത്തുചേര്‍ന്നത്. ചെന്നൈ ഓപ്പണില്‍ നിലവിലെ ജേതാക്കളാണ് ലീഹെഷ് സഖ്യം. 1997, 98,99,2002 വര്‍ഷങ്ങളിലും ഇവര്‍ ജേതാക്കളായിരുന്നു. ഇക്കൊല്ലം മിയാമിയിലും സിന്‍സിനാറ്റിയിലും ഇവര്‍ ജേതാക്കളായി.

Malayalam news, Kerala news in English