ചണ്ഡീഗഡ്: ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റിന് പിന്നാലെ ഹരിയാനയിലും മറ്റു സംസ്ഥാനങ്ങളിലുമായി ആരംഭിച്ച കലാപത്തില്‍ ദേരാ കൗണ്‍സിലിനെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഗുര്‍മീത് അനുയായികള്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കിയെന്നും ഇത് തികഞ്ഞ അരാജകത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ദേരാ സച്ചാ സൗധാ പ്രവര്‍ത്തകര്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിക്കാമായിരുന്നെന്നും വെടിവെപ്പ് നടത്തേണ്ടിയിരുന്നില്ലെന്നും ദേരാ കൗണ്‍സില്‍ കോടതി മുന്‍പാകെ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ കോടതി രൂക്ഷവിമര്‍ശനം തന്നെ നടത്തുകയായിരുന്നു. ദേരാ സച്ചാ സൗധ പ്രവര്‍ത്തകര്‍ മാരക ആയുധങ്ങളുമായി പാഞ്ഞടുക്കുമ്പോള്‍ പൊലീസ് അത് നോക്കിനില്‍ക്കണമായിരുന്നോയെന്നും പൊലീസിന് ആ ഘട്ടത്തില്‍ സൗമ്യമായി പെരുമാറാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.


Dont Miss ഹാദിയ കേസ്: എന്‍.ഐ.എ അന്വേഷണ മേല്‍നോട്ടത്തില്‍ നിന്നും ജഡ്ജി പിന്മാറി


യുദ്ധസമാനമായ സാഹചര്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അതിനെ അതേ രീതിയില്‍ തന്നെ കൈകാര്യം ചെയ്യാനേ പൊലീസിന് കഴിയുള്ളൂ. പൊലീസിന്റെ ഭാഗത്ത് നിന്നും കൃത്യമായ നടപടി തന്നെയാണ് ഉണ്ടായത്.

ഹരിയാന ഒന്നാകെ കത്തുമ്പോള്‍ പൊലീസ് സംയമനം പാലിക്കേണ്ടിയിരുന്നെന്ന ദേരാ കൗണ്‍സിലിന്റെ വാദത്തോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന് അഭിഭാഷകന്‍ അനുപം ഗുപ്തയും പറഞ്ഞു. അതേസമയം റെഗുലര്‍ ബുള്ളറ്റാണോ റബ്ബര്‍ ബുള്ളറ്റാണോ ഉപയോഗിക്കേണ്ടതെന്ന് സാഹചര്യങ്ങള്‍ പൊലീസിന് ലഭിക്കേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ച് മൂന്ന് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. വിവിധ സ്ഥലങ്ങളില്‍ ദേര പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തോടെ ഉടലെടുത്ത എല്ലാ കേസുകളും അന്വേഷിക്കാനാണ് കോടതി ഉത്തരവ്.

ചീഫ് ജസ്റ്റിസ് എസ്.എസ് സാരോണ്‍, ജസ്റ്റിസ് സൂര്യകാന്ത്, അവനീഷ് ജിംഗാന്‍ തുടങ്ങിയവര്‍ അടങ്ങിയ ബെഞ്ചാണ് രണ്ട് സംസ്ഥാനങ്ങളിലുമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഭവങ്ങളില്‍ എത്രയും പെട്ടെന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.

ദേരാ സച്ചാ സൗദാ കേന്ദ്രങങളും സിര്‍സയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും നടന്ന ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.