എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാളിന് രാഷ്ട്രീയപ്രവര്‍ത്തനത്തിനായി സംഭാവന നല്‍കിയിട്ടില്ല: നാരായണമൂര്‍ത്തി
എഡിറ്റര്‍
Wednesday 7th November 2012 12:40am

ന്യൂദല്‍ഹി: ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ സമരനേതാവ് അരവിന്ദ് കെജ്‌രിവാളിന് രാഷ്ട്രീയപ്രവര്‍ത്തനത്തിനായി സംഭാവന നല്‍കിയിട്ടില്ലെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി.

എന്നാല്‍ കഴിഞ്ഞ സപ്തംബറില്‍ സംഭാവനയ്ക്കായി കെജ്‌രിവാള്‍ തന്നെ സമീപിച്ചിരുന്നതായി നാരായണമൂര്‍ത്തി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കെജ്‌രിവാളിന് രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കാന്‍ നാരായണമൂര്‍ത്തി പണംനല്‍കിയെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുവന്നതിനെത്തുടര്‍ന്നാണ് അദ്ദേഹം വിശദീകരണക്കുറിപ്പ് ഇറക്കിയത്.

Ads By Google

പണം നല്‍കണമെന്ന ആവശ്യവുമായി കെജ്‌രിവാള്‍ സമീപിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് പണം നല്‍കാനാവില്ലെന്നുപറഞ്ഞ് മടക്കിയയയ്ക്കുകയായിരുന്നു.

2008ല്‍ വിവരാവകാശപ്രവര്‍ത്തകരെ അംഗീകരിക്കാനും ബഹുമതികള്‍ നല്‍കാനും പണം നല്‍കണമെന്ന് ആവശ്യവുമായി കെജ്‌രിവാള്‍ തന്നെ സമീപിച്ചിരുന്നതായി നാരായണമൂര്‍ത്തി പത്രക്കുറിപ്പില്‍ അറിയിച്ചു.

അതുപ്രകാരം 2008-09 വര്‍ഷത്തേക്ക് 25 ലക്ഷംരൂപയും 2010ല്‍ 37 ലക്ഷം രൂപയും 2011ല്‍ 25 ലക്ഷം രൂപയും അയച്ചുകൊടുത്തിരുന്നു. എന്നാല്‍ 2011ല്‍ ജനലോക്പാല്‍ പ്രവര്‍ത്തനത്തിന്റെ തിരക്കിലായതിനാല്‍ പുരസ്‌കാരം വിതരണംചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കെജ്‌രിവാള്‍ അറിയിച്ചു.

സംഭാവനത്തുക ലോക്പാല്‍ മുന്നേറ്റത്തിനായി വിനിയോഗിക്കാമോയെന്ന് ചോദിച്ച് അദ്ദേഹം കത്തെഴുതുകയും താനതിന് അനുമതി നല്‍കിയെന്നും നാരായണമൂര്‍ത്തി വ്യക്തമാക്കി.

സംഭാവന നല്‍കണമെന്ന കെജ്‌രിവാളിന്റെ അപേക്ഷ നിരസിച്ചതായി ടാറ്റ ഗ്രൂപ്പും കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Advertisement