ന്യൂയോര്‍ക്ക്: ലാസ് വാഗാസില്‍ നടന്ന ഡഫ് കോണ്‍ ഹാക്കിങ് കോണ്‍ഫറന്‍സില്‍ 90 സെക്കന്റിനുള്ളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍. വോട്ടിങ് സമ്പ്രദായത്തിന്റെ സുരക്ഷയില്ലായ്മയാണ് ഇതു വ്യക്തമാക്കുന്നതെന്ന് കോണ്‍ഫറന്‍സിന് തുടക്കമിട്ട ജെയ്ക്ക് ബ്രൗണ്‍ പറയുന്നു.

‘നമ്മുടെ വോട്ടിങ് സിസ്റ്റം സംശയാസ്പദവും ക്ഷയിച്ചതുമാണെന്ന് സംശയലേശമന്യേ തെളിഞ്ഞിരിക്കുന്നു. ഹാക്കര്‍മാരുടെ സംഭാവനകള്‍ക്കു നന്ദി.’ അദ്ദേഹം പറഞ്ഞു.

‘നമ്മുടെ എതിരാളികളായ റഷ്യ, ഉത്തര കൊറിയ, ഇറാന്‍ എന്നീ വിദേശ രാജ്യങ്ങള്‍ക്ക് ഇത് ഹാക്കു ചെയ്യാനുള്ള കഴിവുണ്ടെന്നതാണ് ഏറെ ഭയപ്പെടുത്തുന്ന കാര്യം. ഇത് ജനാധിപത്യ നടപടിക്രമങ്ങളെ ഇകഴ്ത്തും. ദേശീയ സുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്ന ഒന്നാണിത്.’ അദ്ദേഹം പറഞ്ഞു.


Must Read: എതിരഭിപ്രായം പറയുന്നത് രാജ്യദ്രോഹമല്ല: ദളിതര്‍ക്കും മുസ്‌ലീങ്ങള്‍ക്കും എതിരായ സംഘപരിവാര്‍ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് മോദിക്ക് സൈനികരുടെ കത്ത്


2000ത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ കൗണ്ടിങ് പിഴവിനു പിന്നാലെയാണ് യു.എസ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കൂടുതലായി ഉപയോഗിച്ചുവരുന്നത്.

ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഈ വാര്‍ത്ത ഏറെ ഞെട്ടിക്കുന്ന ഒന്നാണ്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകളില്‍ ഇ.വി.എം മാത്രമാണ് ഉപയോഗിക്കുന്നത്.

അടുത്തിടെ യു.പി, പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകളില്‍ ഇ.വി.എമ്മുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ നടന്നതായി ആരോപണമുയര്‍ന്നിരുന്നു.