തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഐടി സ്‌ക്കൂള്‍ പ്രോജക്ട് ആരംഭിക്കുന്നതോടുകൂടി 45,000 സ്‌ക്കൂള്‍ കുട്ടികള്‍ക്ക് ഈ മേഖലയില്‍ ട്രെയിനിങ് നല്‍കും. ആശയ വിനിമയ രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനായുള്ള സര്‍ക്കാര്‍ പ്രോജക്ടാണ് ഐ.ടി അറ്റ് സ്‌ക്കൂള്‍. ഈയിടെ നടന്ന സ്‌റ്റോക്ക് ഹോം ചാലഞ്ച് അവാര്‍ഡില്‍ ഈ പ്രോജക്ടിനെ അഭിനന്ദിക്കുകയുണ്ടായി. സൗജന്യ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ ഐ.സി.ടി ഡിപ്ലോയ്‌മെന്റ് പരിപാടിയായി ഇതിനെ പരിഗണിക്കാം.

പതിനാല് ജില്ലകളിലെ 750സെന്ററുകളിലായി കുട്ടികള്‍ക്ക് രണ്ടു ദിവസത്തെ ട്രയിനിംഗ് നല്‍കുന്നതാണ് പ്രോഗ്രാമിന്റെ ആദ്യപടി. ഒമ്പത് പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പത്ത് കുട്ടികളെ ഓരോസ്‌ക്കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനം നല്‍കും. ഇതില്‍ എയിഡഡ് സ്‌ക്കൂളിലെയും അണ്‍ എയ്ഡഡ് സ്‌ക്കൂളിലെയും കുട്ടികളെ ഉള്‍പ്പെടുത്തും.

ഐ.ടി.അറ്റ് സ്‌ക്കൂള്‍ പ്രോജക്ട് ഡയറക്ടര്‍ അന്‍വര്‍ സാദത്താണ് ഇത്തരം ഒരു പദ്ധതി കൊണ്ടുവന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അദ്ദേഹം കഴിഞ്ഞ ഓണാവധിക്കാലത്ത് 14,821 കുട്ടികള്‍ക്ക് ഐ.ടി ട്രെയിനിങ് നല്‍കിയിരുന്നു. ഇത് വിജയകരമായപ്പോള്‍ ഇത് കൂടുതല്‍ വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.