കൊച്ചി: മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് വീണ്ടും പരിശോധന ആരംഭിച്ചു. ബയോമെട്രിക് ലോക്കുള്ളതിനാല്‍ തുറക്കാന്‍ കഴിയാതിരുന്ന രണ്ട് മുറികള്‍ ഇന്ന് പരിശോധിക്കും.

റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകുന്നതിനു വേണ്ടി മോഹന്‍ലാല്‍ ഇന്ന് ഉച്ചയോടെ തേവരയിലെ വീട്ടിലെത്തും. മോഹന്‍ലാലിന്റെ സാന്നിധ്യത്തിലാണ് മുറി പരിശോധിക്കുക. പരിശോധനയ്ക്കുശേഷം ലാലിനെ വിശദമായി ചോദ്യം ചെയ്യും.

കഴിഞ്ഞദിവസം നടത്തിയ റെയ്ഡിനിടെ തേവരയിലെ വീട്ടില്‍ നിന്നും ആനക്കൊമ്പുകളും പുരാവസ്തുക്കളും കണ്ടെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ മോഹന്‍ലാലില്‍ നിന്നും ചോദിച്ചറിയും.

ബ്ലെസി ചിത്രമായ പ്രണയത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ധനുഷ്‌കോടിയിലായിരുന്നു ലാല്‍. നേരത്തെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണിലൂടെ ലാലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനായി ചൊവ്വാഴ്ച ഹാജരാവാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

മോഹന്‍ലാലിന്റെ ഭാര്യ അമേരിക്കയില്‍ ആയതിനാല്‍ അവരെ ചോദ്യം ചെയ്യില്ല. അതേസമയം, ഒമ്പത് സിനിമകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ മോഹന്‍ലാലിന്റെ സഹായിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരില്‍ നിന്ന് ആദായനികുതി വകുപ്പിന് ലഭിച്ചതായി സൂചനയുണ്ട്.

ആദായനികുതി വകുപ്പിന് റിട്ടേണ്‍ നല്‍കിയതില്‍ പിടിച്ചെടുത്ത രേഖകളില്‍ പറയുന്ന കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. സാമ്പത്തിക ഏര്‍പ്പാടുകളില്‍ മോഹന്‍ലാലിന് പങ്കുണ്ടായിരുന്നോ എന്നും പരിശോധിക്കും. ആന്റണിയെ വിശദമായി ചോദ്യം ചെയ്യാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ബാങ്ക് ലോക്കറുകളും പരിശോധിക്കുന്നുണ്ട്. പരിശോധന ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇതിനു ശേഷം മമ്മൂട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു.