ചെന്നൈ: നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ ജയ ടിവിയുടെ ഓഫീസില്‍ റെയിഡ്. എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക ചാനലാണ് ജയ ടി.വി. ഏകാട്ടുതംഗലിലെ ചാനലിന്റെ ഓഫീസില്‍ പത്തുപേരടങ്ങിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയിഡ് നടത്തിയത്.

കുറച്ചുദിവസമായി ചാനലിന്റെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജയലളിത തുടങ്ങിവെച്ച ചാനല്‍ ശശികലയുടെ കുടുംബമാണ് ഇപ്പോള്‍ നിയന്ത്രിക്കുന്നത്. ശശികലയുടെ മരുമകന്‍ വിവേക് നാരായണാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ ചുമതല. വിവേക് നാരായണന്റെ വസതിയിലും ശശികലയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ജാസ് സിനിമാസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.

അധികാര തര്‍ക്കം നിലനില്‍ക്കുന്ന എ.ഐ.ഡി.എം.കെയില്‍ സര്‍ക്കാരുമായി നല്ല ബന്ധമല്ല ചാനലിനുള്ളത്. ആഗസ്റ്റില്‍ ഐ.എ.ഡി.എംകെയുടെ രണ്ട് വിഭാഗങ്ങള്‍ ലയിച്ചതോടെ ചാനലിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.