ചെന്നൈ:2ജി അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളും എം.പി യുമായ കനിമൊഴിയെയും ശരത്കുമാറിനെയും  ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു.

ഷഹിദ് ബല്‍വയുടെ ഉടമസ്ഥതയിലുള്ള ഡിബി റിയാലിറ്റിയില്‍നിന്നും 200 കോടിരൂപയുടെ പണമിടപാട് കലൈഞ്ജര്‍ ടി.വി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യേണ്ടിവരുമെന്ന് ആദായനികുതി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

ഈ മാസം 14 നു കേസിന്റെ വിധി വരുന്നതുവരെ കനിമൊഴിയും ശരത്കുമാറും ചോദ്യം ചെയ്യലിനായി കോടതിയില്‍ ഹാജരാകണമെന്ന് ദല്‍ഹി കോടതി ഉത്തരവിട്ടിരുന്നു. ന്യൂദല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ കേസുമായി ബന്ധപ്പെട്ട് ഇവര്‍ ഹാജരായിരുന്നു.