ഛണ്ഡീഗഢ്: നവംബര്‍ 15 ന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനായി കടുത്ത തയ്യാറെടുപ്പിലാണ് യുവരാജ് സിങ്. ടീമില്‍ ഇടം നേടിയത് മുതല്‍ ഏറെ പ്രതീക്ഷയിലാണ് യുവി.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിന് മധുരപ്രതികാരം നടത്താനുളള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം.

Ads By Google

‘കഴിഞ്ഞ വര്‍ഷം കനത്ത പ്രഹരമാണ് ഞങ്ങള്‍ക്ക് ഇംഗ്ലണ്ടിനോടേറ്റത്. ഏറെ പ്രതിബന്ധങ്ങള്‍ നിറഞ്ഞ കാലമായിരുന്നു അത്. ഇത്തവണ ഞങ്ങള്‍ അതിന് മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ന് ഞങ്ങളുടെ ടീമില്‍ മികച്ച താരങ്ങളുണ്ട്’. യുവരാജ് സിങ് പറഞ്ഞു.

ഇംഗ്ലണ്ട് ടീം മികച്ച ഫോമിലാണെന്നും യുവരാജ് സിങ് പറഞ്ഞു. റാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഇംഗ്ലണ്ട് ടീമിലെ മിക്കവരും. എന്നാല്‍ മികച്ച പ്രകടനമായിരിക്കും തങ്ങള്‍ പുറത്തെടുക്കുകെയെന്നും യുവി പറഞ്ഞു.

‘ ഞാന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ടെസ്റ്റ് മത്സരത്തിനായി എന്റെ ശരീരം തയ്യാറെടുത്തുകഴിഞ്ഞു’. യുവരാജ് തന്റെ ആത്മവിശ്വാസം പ്രകടിപിച്ചു.

ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ടീമില്‍ ഇടം നേടിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ ആവേശഭരിതനായെന്നും യുവരാജ് സിങ് പറഞ്ഞു. ഏതാണ്ട് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യുവരാജ് ടെസ്റ്റ് ടീമില്‍ ഇടംനേടുന്നത്.