എഡിറ്റര്‍
എഡിറ്റര്‍
ക്രൈസ്തവര്‍ ഇടതുപക്ഷവുമായി യോജിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : കോടിയേരി
എഡിറ്റര്‍
Sunday 12th January 2014 12:58am

Kodiyeri Balakrishnan

ഇരിട്ടി:  മലയോരജനതയുടെ കര്‍ഷക താല്‍പര്യം സംരക്ഷിക്കാന്‍ ക്രസ്തവ-ഇടതുപക്ഷ ഐക്യം അനിവാര്യമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പാട്യം ഗവേഷണ കേന്ദ്രം നടത്തിയ മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രവും വികസനവുമെന്ന സെമിനാറിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാപ്രശ്‌നങ്ങളും മാറ്റിവെച്ച് ക്രൈസ്തവസമൂഹം ഇടതുപക്ഷവുമായി യോജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കര്‍ഷകരെ കൊള്ളയടിച്ച് മുതലാളിമാര്‍ വളരുകയാണ്. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ ജാതി-മത വ്യത്യാസമില്ലാതെ ഒന്നിക്കണമെന്നും കോടിയേരി പറഞ്ഞു.

മനുഷ്യവാസം സംരക്ഷിച്ചുകൊണ്ടുള്ള പശ്ചിമഘട്ട സംരക്ഷണമാണ് പ്രായോഗികം. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കിയാല്‍ മലയോര കര്‍ഷകര്‍ കുടിയിറങ്ങിപ്പോകേണ്ടി വരുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവസമൂഹത്തെ പാര്‍ട്ടിയോടടുപ്പിക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ടാണ് സി.പി.ഐ.എം സെമിനാര്‍ നടത്തിയത്. ഇതിന്റെ ആദ്യ ഘട്ടമായി ആഴ്ച്ചകള്‍ക്ക് മുമ്പ് ആലക്കോട്ടാണ് ആദ്യ സെമിനാര്‍ നടന്നത്. രണ്ടാം ഘട്ടമായാണ് കഴിഞ്ഞ ദിവസം ഇരിട്ടിയില്‍ സെമിനാര്‍ നടന്നത്.

ആറളത്തേയും കൊട്ടിയൂരിനെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ലോലപ്രദേശമായി കണക്കാക്കാനുള്ള തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രക്ഷോഭങ്ങളും സെമിനാറില്‍ വിഷയമായി.

വി.ജി പദ്മനാഭന്‍, ഡോ. സെബാസ്റ്റിയന്‍ പോള്‍, കെ ശ്രീധരന്‍, ടി കൃഷന്‍, കെ.കെ ശൈലജ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement