പൃഥ്വിരാജിന്റെ കോമഡി ചിത്രം തേജാഭായ് ആന്റ് ഫാമിലി നിയമക്കുരുക്കിലേക്ക്. ചിത്രത്തിലെ ‘ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ….’ എന്ന ഗാനത്തിന്റെ റീമിക്‌സാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തങ്ങളുടെ അനുമതിയില്ലാതെയാണ് ഗാനം റീമിക്‌സ് ചെയ്തതെന്നാരോപിച്ച് ഈ ഗാനത്തിന്റെ രചയിതാവ് ബിച്ചു തിരുമലയും സംഗീത സംവിധായകന്‍ ശ്യാമും രംഗത്തുവന്നുകഴിഞ്ഞു.

1984ല്‍ ഐവി. ശശി സംവിധാനം ചെയ്ത ‘കാണാമറയത്ത്’ എന്ന സിനിമയ്ക്കുവേണ്ടിയാണ് ഈ ഗാനം ഒരുക്കിയത്. മലയാളി യുവത്വത്തിന് ഡിസ്‌ക്കോയുടെ ലഹരി പകര്‍ന്നു നല്‍കിയ ഗാനത്തില്‍ റഹ്മാനും ശോഭനയുമാണ് അഭിനയിച്ചിരുന്നത്. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും മധുരം കുറയാത്ത മധുരക്കിനാവിനെ സംഗീത സംവിധായകന്‍ ദീപക് ദേവ് ആണ് റീമിക്‌സ് ചെയ്തത്.

തന്നോടോ ശ്യാമിനോടോ അനുമതി വാങ്ങാതെയാണ് നടപടിയെന്നാണ് ബിച്ചു തിരുമല പറയുന്നത്. പാട്ട് റീമിക്‌സ് ചെയ്യുന്ന വിവരം പോലും ഞങ്ങളെ അറിയിച്ചില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റ് സൊസൈറ്റി (ഐ.പി.ആര്‍.എസ്.) നിയമത്തിന് എതിരാണിതെന്നും നിയമപ്രകാരം പാട്ടിന്മേല്‍ ഗാനരചയിതാവിനും അവകാശമുണ്ടെന്നും ബിച്ചു പറയുന്നു. എന്നാല്‍ നിയമ നടപടികളൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടത് സംഗീതപ്രേമികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘തേജാഭായി’ക്കു വേണ്ടി രണ്ടു പാട്ടുകള്‍ തന്നെക്കൊണ്ട് എഴുതിച്ചിരുന്നുവെന്നും ബിച്ചു വെളിപ്പെടുത്തുന്നു എന്നാല്‍ പക്ഷേ ഇവ ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല. ഗാനരചയിതാവിന്റെ സ്ഥാനത്ത് കൈതപ്രത്തിന്റെ പേരാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. പാട്ടുകളെഴുതിച്ചത് ‘മധുരക്കിനാവ്’ റീമിക്‌സ് ചെയ്യുന്നതിനെതിരെ താന്‍ രംഗത്തുവരുന്നതു തടയാനുള്ള തന്ത്രമായിരുന്നുവോയെന്ന സംശയവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്.

എന്നാല്‍ ഗാനം റീമിക്‌സ് ചെയ്യുന്നതിനുള്ള അവകാശം സരിഗമ ഇന്ത്യ ലിമിറ്റഡില്‍ നിന്ന് വില കൊടുത്ത് വാങ്ങിയതാണെന്നാണ് ‘തേജാഭായി’യുടെ നിര്‍മാതാക്കളിലൊരാളായ ശാന്ത മുരളീധരന്റെ വിശദീകരണം. പാട്ടിന്റെ വിലയായി 1,50,000 രൂപയും നികുതിയിനത്തില്‍ 15,000 രൂപയും സരിഗമയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ രേഖകളെല്ലാം കൈവശമുണ്ടെന്നും ഇതിനെച്ചൊല്ലിയുള്ള എന്തു നിയമ നടപടിയും നേരിടാന്‍ തയ്യാറാണെന്നും ശാന്ത മുരളീധരന്‍ വ്യക്തമാക്കുന്നു.