Categories

പി.സി ജോര്‍ജിന്റെ സ്റ്റാഫംഗത്തിന്റെ മകന്‍ ഉള്‍പ്പെട്ട കേസില്‍ പരാതിക്കാരനെതിരെ കേസ്

pc-george-staff

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ സ്റ്റാഫംഗത്തിന്റെ മകന്‍ ഉള്‍പ്പെട്ട കേസില്‍ പരാതിക്കാരനെതിരെ കേസ്.  വഴിയാത്രക്കാരായ കുടുംബത്തെ മര്‍ദ്ദിച്ച സംഭവത്തിലാണ് പരാതിക്കാരനെതിരെ കേസെടുത്തിരിക്കുന്നത്.

ജോര്‍ജിന്റെ സ്റ്റാഫിന്റെ മകന്‍ ബില്‍ജിന്‍ കെ. തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ബില്‍ജിന്‍ കെ. തോമസ് നടുറോഡില്‍ ദമ്പതികളെ അപമാനിച്ച സംഭവത്തില്‍ പോലീസ് പ്രതിക്കൊപ്പമാണെന്ന് ആദ്യമേ ആരോപമുണ്ടായിരുന്നു.

ഈ സംഭവത്തില്‍ പരാതിക്കാരായ ഗൃഹനാഥന്റെയും ഭാര്യയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചുവെന്നാണ് പരാതി.

വഴുതക്കാട് സ്വദേശിയും രാജ് ന്യൂസ് ടി.വി ഉദ്യോഗസ്ഥനുമായ സന്ദേശ് വി. നായരും ഭാര്യ ദിവ്യയുമായിരുന്നു പരാതിക്കാര്‍.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വഴുതക്കാട് ജങ്ഷനില്‍ നടുറോഡില്‍ ചീത്തവിളിയും മര്‍ദനവും നടന്നത്. ബില്‍ജിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

തുടര്‍ന്ന് ബില്‍ജിന്‍ സന്ദേശിനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് സന്ദേശിന്റെ ഭാര്യ ദിവ്യയെ ബില്‍ജിന്‍ തള്ളി മാറ്റാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

എന്നാല്‍ ഈ വിവരം പോലീസ് രേഖപ്പെടുത്തിയിട്ടില്ല. വ്യാഴാഴ്ച സന്ദേശ് അഭിഭാഷകനൊപ്പം മൊഴിപ്പകര്‍പ്പു വാങ്ങിക്കാന്‍ പോയപ്പോഴാണ് പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമായത്.

തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്കും കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും സന്ദേശ് പരാതി നല്‍കി.

സംഭവ സമയത്ത് ബില്‍ജിന്‍ മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നെങ്കിലും പോലീസ് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും പരാതിയുണ്ട്.

Tagged with: