എഡിറ്റര്‍
എഡിറ്റര്‍
ഐ.എസ്.ആര്‍.ഒ ചാരക്കേസ്: നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി
എഡിറ്റര്‍
Friday 7th September 2012 5:10pm

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച 10 ലക്ഷം രൂപ നല്‍കാനാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടിക്കെതിരെ നമ്പി നാരായണന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

Ads By Google

ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. മൂന്നാഴ്ച്ചക്കകം തുക കൈമാറണമെന്നും വിധിയില്‍ പറയുന്നു.

1995 ലാണ് ഏറെ വിവാദം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഉയര്‍ന്നുവന്നത്. തുമ്പ ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ.നമ്പി നാരായണനെതിരെയാണ് പ്രധാനമായും അന്ന് ആരോപണമുയര്‍ന്നത്.

പിന്നീട് നടന്ന അന്വേഷണത്തില്‍ ചാരക്കേസ് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നു തെളിയുകയായിരുന്നു. ഇതിനെതുടര്‍ന്ന് തന്നെ കേസില്‍ മനപ്പൂര്‍വം കുടുക്കുകയായിരുന്നെന്നും ഇത് തനിക്ക് തൊഴില്‍ പരമായും വ്യക്തിപരമായും ഏറെ നഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും കാണിച്ച് നമ്പി നാരായണന്‍ കോടതിയെ സമീപിക്കുകയായിരുന്നു.


മാലദ്വീപ് സ്വദേശിനിയായ മറിയം റഷീദ, ഫൗസിയ ഹസ്സന്‍ എന്നിവരും ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ ആറ് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവര്‍ ചേര്‍ന്ന് ഐ.എസ്.ആര്‍.ഒ.യിലെ രഹസ്യങ്ങള്‍ കടത്തിയെന്നായിരുന്നു കേസ്.

കേസ് എറ്റെടുത്ത സി.ബി.ഐ. 96ല്‍ നമ്പി നാരായണനുള്‍പ്പെടെ പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ട് കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ വച്ച് തുടരന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ സുപ്രീം കോടതി 1998 ല്‍ വിമര്‍ശനം നടത്തിയിരുന്നു. സര്‍ക്കാറിന്റെ നടപടി അധികാര ദുര്‍വിനിയോഗമാണെന്നായിരുന്നു അന്ന് കോടതി വ്യക്തമാക്കിയത്.

Advertisement