Categories

ഐ.എസ്.ആര്‍.ഒ: എസ്.ബ്രാന്‍ഡ് കരാര്‍ റദ്ദാക്കിയേക്കും

കോയമ്പത്തൂര്‍: എസ് ബ്രാന്റ് സ്‌പെക്ട്രം വിവാദത്തില്‍ ആന്‍ഡ്രിക്‌സിന് പുതിയ മേധാവിയെ കണ്ടെത്താന്‍ ഐ.എസ്.ആര്‍.ഒ തീരുമാനം. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമാണ് ആന്‍ഡ്രിക്‌സ്.

എസ്.ബാന്റ് സ്‌പെക്ട്രം വിവാദത്തില്‍ ദേവാസുമായുള്ള കരാര്‍ റദ്ദാക്കാനും ഏകദേശ ധാരണയായി. ഇതുസംബന്ധിച്ച തീരുമാനം അടുത്തയാഴ്ച കൈക്കൊള്ളും. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസിമതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ച് തീരുമാനമെടുക്കുക.

ആന്‍ഡ്രിക്‌സ് വിവാദം

ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്‌സ് കോര്‍പറേഷനും സ്വകാര്യ കമ്പനിയായ ദേവാസ് മള്‍ട്ടിമീഡിയയുമായുള്ള കരാറിലാണ് രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സി.എ.ജി. കണ്ടെത്തിയിരിക്കുന്നത്. ദേവാസിന് വേണ്ടി ഐ.എസ്.ആര്‍.ഒ രണ്ട് കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് സംബന്ധിച്ചുള്ളതാണ് 2005ലെ കരാര്‍.

എന്നാല്‍, കരാറിനുള്ളില്‍ ആരുമറിയാതെ ഒരു വന്‍ഉപഹാരം ദേവാസിന് ഐ.എസ്.ആര്‍.ഒ സമ്മാനിച്ചെന്നാണ് ആരോപണം. ഈ ഉപഗ്രഹങ്ങളിലെ ട്രാന്‍സ്‌പോണ്ടറുകള്‍ വഴി പൊന്‍വിലയുള്ള എസ്ബാന്‍ഡിന്റെ 70 മെഗാഹെട്‌സ് സ്‌പെക്ട്രം 20 വര്‍ഷത്തേക്ക് ഉപാധികളില്ലാതെ ഉപയോഗിക്കാനുള്ള അനുമതിയാണിത്. വിക്ഷേപണത്തിനു മുമ്പു 20 കോടി രൂപയും ശേഷം പാട്ടമായി 1,250 കോടി രൂപയും ദേവാസ് നല്‍കും. അതേസമയം, ദേവാസിന് 20 വര്‍ഷത്തേക്ക് കിട്ടിയിരിക്കുന്ന എസ് ബാന്‍ഡ് സ്‌പെക്ട്രത്തിന്റെ വിലയാവട്ടെ രണ്ട് ലക്ഷം കോടി രൂപയും.

കരാറനുസരിച്ച് ഐ.എസ്.ആര്‍.ഒ രണ്ട് കൃത്രിമോപഗ്രഹങ്ങള്‍ നിര്‍മിച്ച് വിക്ഷേപിക്കണം. ഇതിനു വേറെ 2,000 കോടി രൂപയുടെ ചെലവു വരും. ജിസാറ്റ്6, ജിസാറ്റ്6എ എന്നീ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളാണ് ഇങ്ങനെ നിര്‍മിക്കുക. ഓരോ ഉപഗ്രഹത്തിലേയും 10 ട്രാന്‍സ്‌പോണ്ടറുകള്‍ വീതം ദേവാസിന് ഉപയോഗിക്കാം. ബഹിരാകാശവകുപ്പ് എന്തുകൊണ്ടു സ്‌പെക്ട്രം ലേലത്തിനു വെച്ചില്ലെന്നായിരുന്നു സി.എ.ജിയുടെ ചോദ്യം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.