Categories

Headlines

ചാരക്കേസ്: “പിതാവിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും”

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്റെ പിതാവിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് കെ.മുരളീധരന്‍. ചാരക്കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുരളീധരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

ഈ കത്ത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നും എന്നാല്‍ കത്ത് അവഗണിച്ചാല്‍ മറ്റ് നിയമനടപടി സ്വീകരിക്കുമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പോലീസുകാരെ ചോദ്യം ചെയ്യേണ്ടെന്ന തിരുവഞ്ചൂരിന്റെ നിലപാട് ഖേദകരമാണെന്നും മുരളീധരന്‍ ആരോപിച്ചു.

Ads By Google

സിവില്‍ സര്‍വീസില്‍ ഇരിക്കുന്ന ഒരാള്‍ക്കെതിരെ അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. കേസ് ആഭ്യന്തര മന്ത്രിക്ക് കൈമാറിയത് ശരിയായില്ല. താന്‍ കേസുമായി മുന്നോട്ട് പോകുന്നത് പാര്‍ട്ടിക്ക് പ്രശ്‌നമാണെങ്കില്‍ അത് നേരിട്ട് പറയണമെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ വേണ്ടത് ചെയ്യും. മുരളീധരന്‍ പറഞ്ഞു.

കേസ് അന്വേഷിച്ച് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മുരളീധരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നത്. എ.കെ ആന്റണിയെ കേസിലേക്ക് വലിച്ചിഴക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ആന്റണി തന്റെ സഹപ്രവര്‍ത്തകനെ കേസിലേക്ക് വലിച്ചിഴച്ച് അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ചാരക്കേസിനെ ചാരം മൂടാന്‍ ആര് ശ്രമിച്ചാലും താന്‍ അതിന് അനുവദിക്കില്ലെന്നും ഗൂഢാലോചനയില്‍ പങ്കെടുത്ത മുഴുവന്‍പേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും യു.ഡി.എഫ് സര്‍ക്കാരിന്റെയും ബാധ്യതയാണെന്നും മുരളീധരന്‍ വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഉള്‍പ്പെട്ട പലര്‍ക്കും സ്ഥാനങ്ങള്‍ തിരികെ ലഭിച്ചു, നമ്പിനാരായണന് നഷ്ടപരിഹാരം കിട്ടി, എന്നാല്‍ ഇല്ലാത്ത കേസിന്റെ പേരിലാണ് കെ. കരുണാകരനെ പീഡിപ്പിച്ചെന്ന യാഥാര്‍ത്ഥ്യം ലോകം തിരിച്ചറിയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനും പങ്കുള്ളതായി സംശയമുണ്ടെന്ന് മുരളീധരന്‍ നേരത്തേ ആരോപിച്ചിരുന്നു. മുരളിയുടെ സംശയത്തില്‍ തെറ്റില്ലെന്ന് വയലാര്‍ രവിയും വ്യക്തമാക്കിയിരുന്നു. ചാരക്കേസില്‍ കരുണാകരനെ കുടുക്കിയതാണെന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവിനും അതില്‍ പങ്കുണ്ടെന്നായിരുന്നു മുരളിയുടെ അഭിപ്രായം.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് അട്ടിമറിച്ചത് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ എസ്.പി എസ്. വിജയനും നേരത്തേ വെളിപ്പെടുത്തിയിരുന്നു.

Tagged with: |