ബാംഗ്ലൂര്‍ : ബാംഗ്ലൂരിനടുത്ത ബൈലാലുവിലെ ഐ എസ് ആര്‍ ഒ കേന്ദ്രത്തില്‍ ഇന്നലെയുണ്ടായ വെടിവെപ്പ് തെറ്റിദ്ധാരണയുടെ പുറത്താണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി എസ് ആചാര്യ. സംഭവം തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്നും അതിന് അനാവശ്യമായ പ്രധാന്യം നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി യെദ്യൂരപ്പക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോലിയിലുണ്ടായിരുന്ന സി ഐ എസ് എഫ് ഉദ്യഗസ്ഥരുമായി അന്വേഷണം നടത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ സംസാരിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് അയച്ചിട്ടുണ്ടെന്നും ആചാര്യ പറഞ്ഞു. സംഭവം ഭീകരാക്രമണമൊന്നുമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ഇന്നലെ പറഞ്ഞിരുന്നു.

ബാംഗ്ലൂരില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ബൈലാലുവിനുള്ള ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന (ഐ എസ് ആര്‍ ഒ)യുടെ കേന്ദ്രത്തിലായിരുന്നു വെടിവെപ്പുണ്ടായത്. ഐ എസ് ആര്‍ ഒയുടെ ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കും ഉപഗ്രഹനിയന്ത്രണസംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ കേന്ദ്രത്തിലാണ്. കേന്ദ്ര വ്യവസായ സംരക്ഷണസേനക്കാണ് ഗവേഷണകേന്ദ്രത്തിന്റെ സുരക്ഷാ ചുമതല.

പ്രധാന ഗേറ്റിനു മുമ്പിലുണ്ടായിരുന്ന സി ഐ എസ് എഫ് കോണ്‍സ്റ്റബിള്‍ ജാദവിനു നേര്‍ക്ക് അജ്ഞാതരായ രണ്ടുപേര്‍ വെടിവെച്ചതായാണ് റിപ്പോര്‍ട്ട്. കാക്കി യൂനിഫോം ധരിച്ചെത്തിയ രണ്ട് പേര്‍ രണ്ടു റൗണ്ട് വെടിവെച്ചെന്നായിരുന്നു ജാദവിന്റെ മൊഴി. തുടര്‍ന്ന് ഇദ്ദേഹം എട്ടു റൗണ്ട് തിരിച്ചു വെടിവെച്ചു. സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്ത വെടിയുണ്ടകള്‍ ജാദവ് ഉപയോഗിച്ചിരുന്ന തോക്കിലേതാണെന്ന് വ്.ക്തമായിട്ടുണ്ട്.