ന്യൂദല്‍ഹി: വിവാദമായ ഐ.എസ്.ആര്‍.ഒ-ദേവാസ് മള്‍ട്ടിമീഡിയ കരാറിനെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ നിലപാടെന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ബി.ജെ.പി പറഞ്ഞു.

ബഹിരാകാശ വകുപ്പ് പ്രധാനമന്ത്രിയാണ് നിയന്ത്രിക്കുന്നത്. മന്‍മോഹന്‍ സിംഗിന് അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാവില്ല. ദേവാസുമായുള്ള കരാര്‍ സ്‌പെക്ട്രം അഴിമതിയേക്കാള്‍ ഭീമമാണെന്നും വരും ദിനങ്ങളില്‍ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ സ്‌പെക്ട്രം വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കാമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശം ഇന്നുചേര്‍ന്ന ബി.ജെ.പി യോഗം ചര്‍ച്ച ചെയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ് ളാറ്റ് വിവാദം, സൈന്യത്തിലെ അഴിമതി എന്നീ വിഷയങ്ങളെല്ലാം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.