ന്യൂദല്‍ഹി: ബഹിരാകാശ കമ്മിഷന്‍ അംഗം ആര്‍. നരസിംഹ രാജിവച്ചു. ആന്‍ട്രിക്‌സ് – ദേവാസ് കരാറിലെ അപാകതകളുടെ പേരില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ക്കും മറ്റു നാലു ശാസ്ത്രജ്ഞര്‍ക്കുമെതിരായ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് പ്രധാനമന്ത്രിക്കു കൈമാറി. 20 വര്‍ഷമായി ബഹിരാകാശ കമ്മിഷന്‍ അംഗമാണ്.

നാലാം തലമുറയില്‍പ്പെട്ട എസ്ബാന്‍ഡ് സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി നിയമിച്ച പ്രത്യേക സമിതിയിലെ അംഗം കൂടിയാണ് നരസിംഹ. ഇടപാടില്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്.

രാജ്യത്തിനായി ജീവിതത്തിലെ മുക്കാല്‍ പങ്കും ചെലവഴിച്ച ശാസ്ത്രജ്ഞര്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ തനിക്ക് അതീവ ദു:ഖമുണ്ടെന്ന് നരസിംഹ മാധ്യമങ്ങളോട് പറഞ്ഞു.

ഉപഗ്രഹ ടാന്‍സ് പോണ്ടറുകളും അതിനുവേണ്ട സ്‌പെക്ട്രവും കൈമാറാനായി ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും സ്വകാര്യകമ്പനിയായ ദേവാസ് മള്‍ട്ടീമീഡിയയുമായി ഉണ്ടാക്കിയ കരാറാണ് വിവാദത്തിലായത്. . ഈ ഇടപാടില്‍ കേന്ദ്രസര്‍ക്കാറിന് രണ്ട് ലക്ഷംകോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി.) പ്രാഥമിക വിലയിരുത്തല്‍ വന്നിരുന്നു. തുടര്‍ന്ന് കരാര്‍ റദ്ദാക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചിരുന്നു.

20 മെഗാഹെര്‍ട്ട്‌സ് എസ്ബാന്‍ഡ് ലഭിക്കാന്‍ പൊതുമേഖലയിലെ ബി.എസ്.എന്‍.എല്‍., എം.ടി.എന്‍.എല്‍. എന്നിവ 12,847 കോടി രൂപയാണ് കെട്ടിവെച്ചത്. എന്നാല്‍ ദേവാസിന് 70 മെഗാ ഹെര്‍ട്ട്‌സ് ലഭിച്ചത് വെറും ആയിരം കോടിരൂപയ്ക്കാണെന്നതാണ് വിചിത്രം.

ആഗോളാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതാണ് എസ്.ബാന്‍ഡ് സ്‌പെക്ട്രം. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസിനും നാലാം തലമുറ സാങ്കേതിക വിദ്യകളായ വൈമാക്‌സ്, ലോങ്‌ടേം ഇവൊല്യൂഷന്‍ എന്നിവയ്ക്കുമെല്ലാം എസ്ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിക്കുന്നു. 2 ജി സ്‌പെക്ട്രം ഇടപാടില്‍ 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടായെന്നാണ് സി.എ.ജി.യുടെ കണ്ടെത്തല്‍.

Malayalam news

Kerala news in English