ന്യൂദല്‍ഹി: ദേവാസുമായുള്ള എസ്-ബ്രാന്റ് കരാര്‍ റദ്ദാക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ രാധാകൃഷ്ണന്‍. കരാറില്‍ നിന്ന് പിന്മാറിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമോയെന്ന് അന്വേഷിച്ച് വരികയാണ്. ദേവാസുമായി കരാറൊപ്പിട്ട ഐ.എസ്.ആര്‍.ഒ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്‌സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും.

ദേവാസിന് സ്‌പെക്ട്രം കൈമാറാന്‍ തീരുമാനിക്കുമ്പോള്‍ അവരത് വാണിജ്യ ആവശ്യത്തിനാണ് ഉപയോഗിക്കുകയെന്ന് അറിയിച്ചിരുന്നില്ല. പിന്നീടാണ് ഇത് ടെലികോം ആവശ്യത്തിനായി ഉപയോഗിക്കാന്‍ കഴിയുമെന്ന് അറിയുന്നത്. കരാറിലൂടെ സര്‍ക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല. എന്നാല്‍ സ്‌പെക്ട്രത്തിന്റെ 90 ശതമാനം ഉപയോഗം ദേവാസിനായിരിക്കുമെന്ന് കേന്ദ്രമന്ത്രിസഭയെ അറിയിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2005 ജുലൈ 28നാണ് ഐ.എസ്.ആര്‍.ഒയും ദേവാസും തമ്മില്‍ കരാര്‍ ഒപ്പിട്ടത്.

ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്‌സ് കോര്‍പറേഷനും സ്വകാര്യ കമ്പനിയായ ദേവാസ് മള്‍ട്ടിമീഡിയയുമായുള്ള കരാറിലാണ് രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സി.എ.ജി. കണ്ടെത്തിയിരിക്കുന്നത്. ദേവാസിന് വേണ്ടി ഐ.എസ്.ആര്‍.ഒ രണ്ട് കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് സംബന്ധിച്ചുള്ളതാണ് 2005ലെ കരാര്‍.

എന്നാല്‍, കരാറിനുള്ളില്‍ ആരുമറിയാതെ ഒരു വന്‍ഉപഹാരം ദേവാസിന് ഐ.എസ്.ആര്‍.ഒ സമ്മാനിച്ചെന്നാണ് ആരോപണം. ഈ ഉപഗ്രഹങ്ങളിലെ ട്രാന്‍സ്‌പോണ്ടറുകള്‍ വഴി പൊന്‍വിലയുള്ള എസ്ബാന്‍ഡിന്റെ 70 മെഗാഹെട്‌സ് സ്‌പെക്ട്രം 20 വര്‍ഷത്തേക്ക് ഉപാധികളില്ലാതെ ഉപയോഗിക്കാനുള്ള അനുമതിയാണിത്. വിക്ഷേപണത്തിനു മുമ്പു 20 കോടി രൂപയും ശേഷം പാട്ടമായി 1,250 കോടി രൂപയും ദേവാസ് നല്‍കും. അതേസമയം, ദേവാസിന് 20 വര്‍ഷത്തേക്ക് കിട്ടിയിരിക്കുന്ന എസ് ബാന്‍ഡ് സ്‌പെക്ട്രത്തിന്റെ വിലയാവട്ടെ രണ്ട് ലക്ഷം കോടി രൂപയും.

കരാറനുസരിച്ച് ഐ.എസ്.ആര്‍.ഒ രണ്ട് കൃത്രിമോപഗ്രഹങ്ങള്‍ നിര്‍മിച്ച് വിക്ഷേപിക്കണം. ഇതിനു വേറെ 2,000 കോടി രൂപയുടെ ചെലവു വരും. ജിസാറ്റ്6, ജിസാറ്റ്6എ എന്നീ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളാണ് ഇങ്ങനെ നിര്‍മിക്കുക. ഓരോ ഉപഗ്രഹത്തിലേയും 10 ട്രാന്‍സ്‌പോണ്ടറുകള്‍ വീതം ദേവാസിന് ഉപയോഗിക്കാം. ബഹിരാകാശവകുപ്പ് എന്തുകൊണ്ടു സ്‌പെക്ട്രം ലേലത്തിനു വെച്ചില്ലെന്നായിരുന്നു സി.എ.ജിയുടെ ചോദ്യം.