Categories

ഇസ്രത്ത് കേസ് സി.ബി.ഐക്ക്: മോഡിക്ക് തിരിച്ചടി

അഹമ്മദാബാദ്: ഗുജറാത്തില്‍ മലയാളിയായ പ്രാണേഷ്‌കുമാര്‍ എന്ന ജാവേദ് ഷെയ്ഖും ഇസ്രത്ത് ജഹാനുമടക്കം നാല് പേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ്. വ്യാജ ഏറ്റുമുട്ടല്‍ കേസ് ദേശീയതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയതാണെന്നും സംസ്ഥാന പൊലീസ് ഇത് ശരിയായ വിധം അന്വേഷിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ജസ്റ്റിസ് ജയന്ത് പട്ടേല്‍, ജസ്റ്റിസ് അഭിലാഷ കുമാരി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.  പ്രാണേഷിന്റെ പിതാവ് ഗോപിനാഥപിള്ളയും ഇഷ്‌റത്തിന്റെ മാതാവ് ഷമീമാ കൗസറും നല്‍കിയ ഹര്‍ജികളിലാണ് കോടതി ഉത്തരവ്. ഹൈക്കോടതി നടപടി ഗുജറാത്ത് മുഖ്യമന്ത്രിയ്‌ക്കേറ്റ് കനത്ത തിരിച്ചടിയായിരിക്കയാണ്.

2004ലാണ് ലഷ്‌കര്‍ തീവ്രവാദികളാണെന്ന് ആരോപിച്ച് പ്രാണേഷ്‌കുമാര്‍, ഇസ്രത്ത് ജഹാന്‍ എന്നിവര്‍ ഉള്‍പ്പെടെ നാല്‌പേരെ ഗുജറാത്ത് പോലീസ് വെടിവെച്ച് കൊന്നത്. ഇവര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നാരോപിച്ച് 2004 ജൂണ്‍ 15നാണ് പോലീസ് ഇവരെ വെടിവെച്ച് കൊന്നത്. അംജത്ത്, അലി, ജിസാന്‍ അബ്ദുള്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍. ഇവര്‍ നാലുപേരും ലഷ്‌കര്‍ ഇതൊയ്ബ അംഗങ്ങളാണെന്നും മോഡിയെ കൊല്ലാന്‍ നിയോഗിക്കപ്പെട്ടവരാണെന്നുമായിരുന്നു പ്രചാരണം. ആലപ്പുഴ ജില്ലയിലെ താമരക്കുളം സ്വദേശി ഗോപിനാഥന്‍ പിള്ളയുടെ മകനാണ് പ്രാണേഷ്‌കുമാര്‍ പിള്ള. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പോലീസ് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാരയുടെ നേതൃത്വത്തില്‍ ഇവരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു.

ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതി വിമര്‍ശനം

ന്യൂദല്‍ഹി: സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ സി.ബി.ഐ അന്വേഷണം വൈകിപ്പിക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സംഭാഷണവും മറ്റുമടങ്ങിയ സി.ഡി സമര്‍പ്പിക്കാന്‍ വൈകുന്നതിലാണ് കോടതിയുടെ വിമര്‍ശനം. ജസ്റ്റിസുമാരായ അഫ്താബ് ആലമും രഞ്ജന പ്രകാശ്  ദേസായിയും ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിമര്‍ശനം.

കേസ് വീണ്ടും പരിഗണിക്കുന്ന ബുധനാഴ്ച ഈ സി.ഡികള്‍ നിര്‍ബന്ധമായും ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. സി.ഡികള്‍ കൈമാറാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

2004 നവംബര്‍ 26ന് സൊഹ്‌റാബുദ്ദീന്‍ ശൈഖ് എന്നയാളെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് കൊലപ്പെടുത്തിയതെന്ന് 2007 മാര്‍ച്ചില്‍ ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. മോഡിയെ കൊല്ലാന്‍ നിയോഗിക്കപ്പെട്ട ലഷ്‌കര്‍ ഭീകരനായതിനാലാണ് ഇയാളെ കൊന്നതെന്നാണ് പോലീസ് അവകാശപ്പെട്ടിരുന്നത്. തെളിവ് നശിപ്പിക്കാനായി ഇയാളുടെ ഭാര്യ കൗസര്‍ബിയെ പോലീസ് കൊന്നു കത്തിക്കുകയും ചെയ്തിരുന്നു.

Malayalam News
Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.