അഹമ്മദാബാദ്: പ്രാണേഷ്‌കുമാര്‍ വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം തലവനെ മാറ്റി. ജെ.വി രാമഡുവിനെയാണ് പുതിയ തലവനായി നിയമിച്ചത്. സത്യപാല്‍ സിങ്ങായിരുന്നു നേരത്തെ എസ്.എ.ടി തലവനായിരുന്നത്. തന്നെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സത്യപാല്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് പുതിയ തലവനെ നിയമിച്ചത്.

ഗുജറാത്തി ഭാഷ അറിയാത്തത് കാരണം തനിക്ക് പ്രതികളെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും സത്യപാല്‍ കോടതിയെ അറിയിച്ചിരുന്നു.

2004 ജൂണ്‍ 15നാണ് ജാവേദ് ഗുലാം ഷെയ്ഖ് എന്ന പ്രാണേഷ്‌കുമാര്‍, കോളജ് വിദ്യാര്‍ഥി ഇസ്രത്ത് ജഹാന്‍, അംജത് അലി എന്ന രാജ്കുമാര്‍ അക്ബര്‍ അലി, ജിസാന്‍ ജോഹര്‍ അബ്ദുല്‍ ഗനി എന്നിവര്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇസ്രത്തും കൂട്ടാളികളും ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളാണെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊലപ്പെടുത്തുകയായിരുന്നു ഇവരുടെ ഉദ്ദേശമെന്നുമാണ് പോലീസ് പറഞ്ഞത്. എന്നാല്‍ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്.പി തമാങ് കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട പ്രാണേഷ്‌കുമാര്‍ മലയാളിയാണ്.