തെല്‍അവീവ്: നിരായുധനായ  ഫത്തഹ് അല്‍ ഷെരീഫ് (21) എന്ന ഫലസ്തീന്‍ യുവാവിനെ വെടിവെച്ചു കൊന്ന കേസില്‍ ഇസ്രഈലി സൈനികന്‍ എലോര്‍ അസാരിയക്ക് 18 മാസത്തെ ജയില്‍ശിക്ഷ. സൈനിക കോടതിയുടേതാണ് വിധി. സൈനികനെ തരംതാഴ്ത്താനും കോടതി ഉത്തരവിട്ടു.

അതേ സമയം വിധിയി ഫലസ്തീന്‍ അതോറിറ്റി വിമര്‍ശിച്ചു. സൈനികനെതിരെ മൃദുനിലപാടാണ് സ്വീകരിച്ചതെന്നും ഇസ്രഈല്‍ സേനയ്ക്ക് ഫലസ്തീനികള്‍ക്കെതിരായ അക്രമം തുടരുന്നതിനുള്ള അനുമതിയാണ് വിധിയെന്നും ഫലസ്തീന്‍ പ്രതികരിച്ചു.

അസാരിയക്ക് ജീവപര്യന്തം നല്‍കണമായിരുന്നെന്ന് ഇസ്രഈല്‍ പാര്‍ലമെന്റിലെ ഫലസ്തീന്‍ അംഗം ജമാല്‍ സഹല്‍ക പറഞ്ഞു. ഫലസ്തീനികളെ കൊന്ന ആയിരക്കണക്കിന് ഇസ്രഈലി സൈനികര്‍ വേറെയുണ്ട്. അവരെയൊന്നും വിചാരണ ചെയ്തിട്ടില്ല. ഗാസയിലെ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും മേല്‍ ബോംബുകള്‍ വര്‍ഷിച്ച പൈലറ്റുമാരെയും വിചാരണ ചെയ്യണ്ടേയെന്നും സഹല്‍ക പറഞ്ഞു.


Read more: 7 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചതായി ഛത്തീസ്ഗഢ് പൊലീസ്


ഒക്യുപൈഡ് വെസ്റ്റ് ബാങ്കിലെ ഹീബ്രോണില്‍ 2015 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. നിലത്തു കിടക്കുകയായിരുന്ന അബ്ദുല്‍ ഫത്തഹ് അല്‍ ഷെരീഫിനെ അസാരിയ തലയ്ക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു.

കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.  പരിക്കേറ്റ ഷെരീഫിനെ ഇസ്രഈല്‍ സൈനികരുള്‍പ്പെടെ വളഞ്ഞിരിക്കുന്നതും പിന്നീട് അവിടേക്ക് കടന്നുവന്ന അസാരിയ തലക്കുനേരെ വെടിയുതിര്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.

അസാരിയയെ പിന്തുണച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത് വന്നിരുന്നു. സൈനികന് മാപ്പു നല്‍കി വിട്ടയക്കണമെന്നും  സൈനികനും കുടുംബത്തിനും ഒപ്പം താനും ഇസ്രായേല്‍ സര്‍ക്കാറുമുണ്ടെന്നും നെതന്യാഹു പറഞ്ഞിരുന്നു.


Also read: ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം ചര്‍ച്ചചെയ്യുന്ന ഹാളിനു പുറത്ത് ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി പതിനായിരങ്ങളുടെ റാലി