ജെറുസലേം: ഒരു സൈനികനുവേണ്ടി ഇസ്രയേല്‍ 1027 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നു. അഞ്ചു വര്‍ഷത്തിലധികമായി ഗാസയില്‍ ഹമാസിന്റെ തടവിലുള്ള സൈനികന്‍ ഗിലാദ് ശാലിത്തിനെ വിട്ടുകിട്ടാനാണ് നടപടി. ഇത് സംബന്ധിച്ച് ഹമാസുമായുണ്ടാക്കിയ കരാര്‍ ബി.ബി.സി പുറത്തുവിട്ടതിനെത്തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര മന്ത്രിസഭായോഗം വിളിച്ച് കൈമാറ്റത്തിന് അംഗീകാരം നേടുകയായിരുന്നു.

ഹമാസിന് വന്‍ നേട്ടമായി കരുതപ്പെടുന്ന കൈമാറ്റത്തെ 26 അംഗ ഇസ്രയേല്‍ മന്ത്രിസഭാ യോഗത്തില്‍ വിദേശമന്ത്രി എവിഗ്‌ദോര്‍ ലീബര്‍മാന്‍ അടക്കം മൂന്നു മന്ത്രിമാര്‍ എതിര്‍ത്തു. ഏറ്റവും അപകടകാരികളെന്ന് കരുതുന്നവര്‍ ഒഴികെയുള്ള പലസ്തീന്‍ തടവുകാരെയാണ് ഇസ്രയേല്‍ വിട്ടയയ്ക്കുന്നത്.

Subscribe Us:

ശാലിത്തിനെ മോചിപ്പിക്കാന്‍ ഗാസയില്‍ ആക്രമണം നടത്തി ആയിരത്തിലധികം ആളുകളെ കൊന്നിട്ടും ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ട് മറ്റൊരു വഴിയുമില്ലാതെയാണ് ഇത്രയധികം തടവുകാരെ വിട്ടയക്കാന്‍ ഇസ്രയേല്‍ തയ്യാറായത്. ആക്രമണത്തിലൂടെ ശാലിത്തിനെ മോചിപ്പിക്കാനാകില്ലെന്ന് ബോധ്യമായതിനാലാണ് തടവുകാരെ കൈമാറുന്ന കരാറിലെത്തിയതെന്ന് ഇസ്രയേല്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ബെത്തിന്റെ തലവന്‍ യോറന്‍ കോഹെന്‍ സമ്മതിച്ചു.