ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ വസതിക്കു സമീപം ഇസ്രയേല്‍ എംബസി വാഹനത്തില്‍ സ്‌ഫോടനം. നയതന്ത്ര ഉദ്യോഗസ്ഥ അടക്കം നാലു പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും ആര്‍.എം.സി ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോര്‍ജ്ജിയയിലെ ഇസ്രയേല്‍ എംബസിയില്‍ സ്‌ഫോടനം നടത്താനുള്ള നീക്കം ഇന്ന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ദല്‍ഹിയിലെ ഇസ്രയേല്‍ എംബസി വാഹനത്തില്‍ സ്‌ഫോടനം ഉണ്ടായത്.

വൈകുന്നേരം 3.15 ഓടെയായിരുന്നു സംഭവം. ഇസ്രയേല്‍ എംബസിയുടെ ടൊയോട്ട ഇന്നോവ കാര്‍ പ്രധാനമന്ത്രിയുടെ വസതിക്ക് ഏതാനും മീറ്ററുകള്‍ അകലെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച വാഹനവും അതിന്റെ സമീപമുണ്ടായിരുന്ന മറ്റൊരു വാഹനവും കത്തി നശിച്ചു. ഏതാനും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Subscribe Us:

കാറില്‍ ബോംബ് വെച്ചത് ബൈക്ക് യാത്രികനെന്ന് ദല്‍ഹി പോലീസ് പറഞ്ഞു. കാന്തം ഉപയോഗിച്ചാണ് കാറില്‍ ബോംബ് വെച്ചതെന്നും ദല്‍ഹി പോലീസ് കമ്മീഷ്ണര്‍ ബി.കെ ഗുപ്ത വ്യക്തമാക്കി. നേരത്തെ കാറിനെ പിന്തുടര്‍ന്ന രണ്ട് പേര്‍ കാറിലേക്ക് കാന്തം ഘടിപ്പിച്ച ബോംബ് എറിയുകയായിരുന്നെന്നാണ് അനുമാനിക്കുന്നത്. എന്നാല്‍ സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം, സ്‌ഫോടനത്തിനു പിന്നില്‍ ഇറാനും ഹിസ്ബുള്ളയുമാണെന്ന് ഇസ്രേയല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. ജോര്‍ജ്ജിയയിലും ദില്ലിയിലുമുണ്ടായത് ഭീകരാക്രമണമാണന്നും നെതന്യാഹു പറഞ്ഞു.

ദല്‍ഹിയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് ലോകത്താകമാനമുള്ള ഇസ്രയേല്‍ എംബസികള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Malayalam News

Kerala News In English