എഡിറ്റര്‍
എഡിറ്റര്‍
ഹമാസ് സൈനിക മേധാവി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Thursday 15th November 2012 12:50am

ഗാസാസിറ്റി: മുതിര്‍ന്ന ഹമാസ് സൈനിക കമാന്‍ഡര്‍ അഹ്മദ് അല്‍ജാബിരി ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസാ നഗരത്തില്‍ അദ്ദേഹം സഞ്ചരിച്ച കാര്‍ ഇസ്രയേല്‍ മിസൈല്‍ പതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആക്രമണത്തില്‍ അംഗരക്ഷകനും പരിക്കേറ്റിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ അധിനിവേശം തുടങ്ങിയതിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ഹമാസ് നേതാവാണ് ഇദ്ദേഹം.

Ads By Google

തങ്ങള്‍ ലക്ഷ്യം വെച്ചത് ജാബിരിയെത്തന്നെയായിരുന്നെന്നും ദശാബ്ദങ്ങള്‍ നീണ്ട തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് കൊലപ്പെടുത്തിയതെന്നും ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു.

ജാബിരി കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേല്‍ പ്രതിരോധ സേനയും ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സിയായ ഷിന്‍ബെറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ജാബിരി കൊല്ലപ്പെട്ടത്.

തന്ത്രശാലിയും നേതൃനൈപുണ്യവുമുള്ള കരുത്തുറ്റ നേതാവിനെയാണ് ഹമാസിന് നഷ്ടമായത്. ഹമാസിന്റെ ഇസുദ്ദീന്‍ അല്‍ ഖസം ബ്രിഗേഡിന്റെ തലവനാണ് ജാബിരി. ഹമാസിന് സൈനിക ശേഷി ആര്‍ജിക്കുന്നതിനും സൈനിക തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിലും നേതൃപരമായ പങ്ക് വഹിച്ചു.

2011ല്‍ ഇസ്രായേലുമായി കൈറോവില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയിലും ഹമാസിനെ നയിച്ചത് ജാബിരിയായിരുന്നു. ഇസ്രായേലിനെതിരെ ആക്രമണം നടത്താന്‍ പണം സമാഹരിക്കുന്നതുള്‍പ്പെടെ നേതൃത്വം നല്‍കിയത് ജാബിരിയായിരുന്നുവെന്ന് ഷിന്‍ബെറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

തങ്ങള്‍ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഗതി ഇതായിരിക്കുമെന്ന് ഹമാസിനുള്ള സന്ദേശമാണിതെന്നും ഷിന്‍ബെറ്റ് പറഞ്ഞു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസാ മുനമ്പില്‍ നിന്ന് ഇസ്രയേലിന് നേര്‍ക്കുണ്ടായ റോക്കറ്റാക്രമണത്തെ തുടര്‍ന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ വകവരുത്തുമെന്ന് ഇസ്രയേല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദീര്‍ഘകാലമായി ഇസ്രയേല്‍ ജാബിരിയെ ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ പലതവണ അദ്ദേഹം വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

Advertisement