Administrator
Administrator
ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും വ്യോമാക്രമണം: മരണസംഖ്യ 50 കടന്നു
Administrator
Sunday 18th November 2012 9:26am

Gaza air drone by Israelഗാസ സിറ്റി: ഗാസയില്‍ ഹമാസ് ആസ്ഥാനത്തേക്ക് ഇസ്രായേല്‍ കനത്ത വ്യോമാക്രമണം തുടരുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും പത്രപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തോടെ ആറ് കുട്ടികളുള്‍പ്പെടെ മരണസംഖ്യ 50 കടക്കുകയും 450 തോളം പേര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തതായി വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Ads By Google

ശനിയാഴ്ച ഹമാസ് ആസ്ഥാനത്തേക്ക് പലസ്തീന്‍ പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയയെ ലക്ഷ്യം വെച്ചായിരുന്നു വ്യോമാക്രമണം. വ്യോമാക്രമണത്തില്‍ ഓഫിസും മന്ത്രാലയവും പൂര്‍ണമായും തകര്‍ന്നു. നാല് ദിവസത്തിലധികമായി തുടരുന്ന ആക്രമണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗാസ ലക്ഷ്യമാക്കി പാലസ്തീന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നിട്ടുണ്ട്. അല്‍-ഗുദ്‌സ് ടി.വി ഓഫീസ് സ്ഥിതി ചെയ്തിരുന്ന ഷോവ, ഹൗസ്‌രി ബില്‍ഡിങ്ങുകളും തകര്‍ന്നതായി ഹമാസ് വക്താവ് അഷ്‌റഫ് അല്‍ ഗുദ്‌റ പറഞ്ഞു. ആക്രമംണത്തില്‍ ചുരുങ്ങിയത് ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. രണ്ട് തവണയായി വടക്കന്‍ മേഖലയില്‍ മാത്രം നടന്ന വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞുഗാസ സിറ്റിയിലേക്ക് ഇസ്രായേല്‍ നാവിക സേന ശക്തമായ റോക്കറ്റാക്രമണവും വെടിവെപ്പും തുടങ്ങിയതായി വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഭാഗമായി കൂടുതല്‍ ഡോസണ്‍ ഷെല്‍ തീരപ്രദേശത്ത് സ്ഥാപിച്ചു കഴിഞ്ഞതായി ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് മുന്നോടിയായുള്ള സൈറണ്‍ മുഴങ്ങിയാല്‍ മാധ്യമപ്രവര്‍ത്തകര്‍ യുദ്ധമുന്നണിയില്‍ നിന്നും മാറണമെന്ന ഇസ്രായേല്‍ നിര്‍ദ്ദേശമുണ്ടെന്നും പറഞ്ഞു.

ശനിയാഴ്ച ഗാസയില്‍ മാത്രമായി 16 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ഈജിപ്ത് വെടി നിര്‍ത്തലിനായി മധ്യസ്ഥം വഹിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി സമാധാന ചര്‍ച്ചക്കായി മുന്നോട്ട് വന്നതോടെ തുര്‍ക്കി പ്രധാനമന്ത്രിയും സമാധാനചര്‍ച്ചക്കായി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ചര്‍ച്ച നടത്താമെന്നല്ലാതെ ആക്രമണം അവസാനിപ്പിക്കാന്‍ കഴിയുമോ എന്നതില്‍ വലിയ പ്രതീക്ഷയില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി പറഞ്ഞു.

ഹമാസ് നേതാവ് ഖാലിദ് മെഷാല്‍ ചര്‍ച്ചക്കായി കെയ്‌റോയിലെത്തിയതായി മുതിര്‍ന്ന ഹമാസ് വക്താവ് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ ഇസ്രായേല്‍ പുതിയ കാമ്പെയനുമായി രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചതോടെ ശനിയാഴ്ച മരിച്ചതില്‍ ഒമ്പത് പേര്‍ ഹമാസ് തീവ്രവാദികളാണെന്ന വാദവുമായാണ് ഇസ്രായേല്‍ രംഗത്തെത്തിയത്. ശനിയാഴ്ച പതിനാറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഹമാസിന്റെ പ്രയോഗിച്ച ആയുധങ്ങളില്‍ 90 ശതമാനവും മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് നിര്‍വീര്യമാക്കിയതായും ഇസരായേല്‍ അവകാശപ്പെട്ടു. ഇതുവരെയായി മൂന്ന് ഇസ്രായേലി സൈനികര്‍ പലസ്തീന്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.  ശനിയാഴ്ച രാത്രി മാത്രം 180 ഷെല്ലുകള്‍ ഗാസയില്‍ വര്‍ഷിച്ചതായി ഇസ്രായേല്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതിനിടെ ആക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ടത് അങ്ങേയറ്റം ഭയാനകവും എല്ലാവിധ യുദ്ധ മര്യാദകളുടേയും ലംഘനമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇസ്രായേല്‍ ശ്രമിക്കുന്നത് കുട്ടികളുടെ മരണസംഖ്യ കൂട്ടാനാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി എന്‍ഡോഗന്‍ പറഞ്ഞു. നിങ്ങളെല്ലാവരും ഒരു കാര്യം നിര്‍ബന്ധമായും അറിഞ്ഞിരിക്കണം വളരെയടുത്ത് അല്ലെങ്കില്‍ വിദൂരമല്ലാത്ത ഭാവിയില്‍ ഇവിടം കുട്ടികളുടെ കൂട്ടക്കുരുതിയുടെ കേന്ദ്രമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ തന്ത്രപരമായ മൗനത്തെ ഈജിപ്തും തുര്‍ക്കിയും പരസ്യമായി അപലപിച്ചു. പലസ്തീനികള്‍ക്ക് മുകളില്‍ വെടിനിര്‍ത്തലിന് സമ്മര്‍ദ്ദം ചെലുത്തന്നതോടൊപ്പം തന്നെ ഇസ്രായേല്‍ വ്യോമാക്രമണത്തെ ഇരുരാഷ്ട്രങ്ങളും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

ഞായറാഴ്ചയോ തിങ്കളാഴ്ചയോ അറബ് ലീഗ് അധ്യക്ഷന്‍ നബീല്‍ അല് അറബി  പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗാസ സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അറബ് ലീഗ് 2002 ല്‍ മാത്രമാണ് സമാധാന ചര്‍ച്ചയില്‍ അവസാനമായി തന്ത്രപരമായ ഒരു ഇടപെടല്‍ നടത്തിയിട്ടുള്ളത്.

പശ്ചിമേഷ്യന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും തമ്മില്‍ ചര്‍ച്ച നടത്തിയതായി ദേശീയസുരക്ഷാ വക്താവ് വ്യക്തമാക്കി. പലസ്തീന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ഇസ്രായേല്‍ ഗാസയില്‍ നിന്നും സൈനിക ശക്തി കുറക്കാമെന്ന് സമ്മദിതിച്ചതായും വ്യക്തമാക്കിയിട്ടിണ്ട്. പലസ്തീന്‍ ഗാസയില്‍ നിന്നു ഇപ്പോഴും വെടിവെപ്പും ഷെല്ലാക്രമണവും തുടരുകയാണ്. ഞങ്ങള്‍ വിശ്വസിക്കുന്നത് ഇസ്രായേലിന് ആക്രമണത്തെ പ്രതിരോധിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നാണ്. അതവര്‍ ചെയ്യുന്നുവെന്നു മാത്രം.
.

 

Advertisement