gaza-israel-new-attack ഗസ: ഫലസ്തീന്‍ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഫലസ്തീനില്‍ ഇസ്രഈല്‍ വ്യോമാക്രമണം പുനഃരാരംഭിച്ചു. ഇതോടെ ഈജിപ്തിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന സമാധന ചര്‍ച്ചകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

വ്യാഴാഴ്ച ആരംഭിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇന്നലെ രാവിലെ അവസാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇസ്രഈല്‍ ഗസയില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പത്ത് വയസ്സുള്ള കുട്ടി മരിച്ചു. ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കന്‍ നഗരങ്ങളായ ബൈത്ത് ലാഹിയ, ബൈത്ത് ഹാനൗണ്‍ എന്നിവിടങ്ങളിലാണ് വ്യോമാക്രമണം നടന്നിരിക്കുന്നത്. ഹമാസ് നേതാവായ മഹ്മൂദ് അല്‍ സഹറിന്റെ വീട് തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇസ്രഈല്‍ വെടിനിര്‍ത്തല്‍ നീട്ടിവെയ്ക്കാന്‍ തയ്യാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ വാക്ക് ലംഘിച്ചുകൊണ്ടാണ് ഇപ്പോള്‍ ആക്രമണം ആരംഭിച്ചിരിക്കുന്നത്. മുമ്പും ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിച്ചിരുന്നു.

ഹമാസ് മിസൈല്‍ ആക്രമണം നടത്തി എന്ന് ആരോപിച്ചാണ് ഇപ്പോള്‍ ഇസ്രഈല്‍ ആക്രമണം നടത്തിയിരിക്കുന്നത്. മുപ്പതോളം മിസൈലുകള്‍ ഹമാസ് ഇസ്രഈലിനെതിരെ തൊടുത്തുവിട്ടു എന്നാണ് ഇസ്രഈല്‍ പറയുന്നത്. അതില്‍ മൂന്ന് മിസൈലുകള്‍ തങ്ങള്‍ക്ക് തകര്‍ക്കാനായി എന്നും അവര്‍ അവകാശപ്പെടുന്നു. ഇസ്രഈലി പ്രതിനിധികള്‍ കെയ്‌റോ വിട്ടതിനു തൊട്ടു പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഗസയിലെ ജീവിതങ്ങള്‍ക്ക് പുതിയ പ്രതീക്ഷകള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. പല കടകളും തുറന്നു പ്രവര്‍ത്തിച്ചു. യുവാക്കള്‍ നഗരങ്ങളില്‍ ഇറങ്ങി. ജനങ്ങള്‍ സ്വവസതികളിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതോടെ അവര്‍ വീണ്ടും വീടുകളില്‍ നിന്ന് പലായനം നടത്തിയത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
gaza-

ഗസയ്ക്കുമേല്‍ ഇസ്രഈല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുടര്‍ന്നുകൊണ്ടിരുന്നാല്‍ വെടി നിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്ന് പലസ്തീന്‍ സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപരോധം പിന്‍വലിക്കുക, ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുക തുങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ കെയ്‌റോയില്‍ നടക്കുന്ന സമാധാനശ്രമങ്ങള്‍ തുടരുമെന്നും ഫലസ്തീന്‍ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഹമാസിനു പുറമേ ഇസ്‌ലാമിക് ജിഹാദ്, ഫതഹ് എന്നീ സംഘടനകളാണ് സമാധാനചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.

കരകാര്‍ ലംഘനമുണ്ടാകുന്ന സാഹചര്യത്തില്‍ കടുത്ത ആക്രമണങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും കരയാക്രമണം ശക്തമാക്കുമെന്നും ഇസ്രഈല്‍ മുന്നറിയിപ്പുനല്‍കി.

ഇസ്രഈല്‍ ആക്രമണത്തില്‍ പത്ത് വയസികാരന്‍ മരിച്ചു:

ഇസ്രഈല്‍ വ്യോമാക്രമണത്തിലൂടെ പുതിയ ആക്രമണപരമ്പരകള്‍ക്ക് തുടക്കമിട്ടപ്പോള്‍ ഒരു പത്തുവയസ്സുകാരന്റെ മരണ വാര്‍ത്തയോടെയാണ് മരണസംഖ്യ പുനരാരംഭിക്കുന്നത്.

സബാ ദവാവ്‌സ എന്ന പത്തുവയസ്സുകാരന്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു; 72 മണിക്കൂറത്തെ വെടിനിര്‍ത്തലിന്റെ ആശ്വാസത്തില്‍. അവന്റെ അമ്മ അവന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അകത്തുകയറി കളിക്കാനും അവനോട് നിര്‍ദ്ദേശിച്ചിുരുന്നു. അതിനു മുമ്പേ പിഞ്ചുകുഞ്ഞിന്റെ തലതകര്‍ത്തുകൊണ്ട് ഇസ്രഈല്‍ മിസൈല്‍ചീളുകള്‍ കടന്നു പോയി.

Ibrahim-Dawawsa

‘ഞാനെന്താണ് പറയേണ്ടത്? അവന്‍ പുറത്തേക്കൊന്ന് ഓടിയതേയുള്ളു. വെറും ഒരു മിനിറ്റേ ആയുള്ളു, വെറും ഒരു മിനിറ്റ്. എന്റെ മോന്‍…’ അഞ്ചാമത്തെ വയസ്സിലെടുത്ത മകന്റെ പഴയ ചിത്രം നെഞ്ചോട് ചേര്‍ത്ത് ആ അമ്മ വിതുമ്പുന്നു.

സബാ ദവാവ്‌സയ്‌ക്കൊപ്പം അവിടെ കളിച്ചുകൊണ്ടിരുന്ന മറ്റ് രണ്ട് കുട്ടികള്‍ക്കും മാരകമായി പരിക്കുപറ്റി.

ഏറ്റവും പുതിയ ആക്രമണത്തിന്റെ ഇരയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ അടുത്തുള്ള പള്ളിയില്‍ ആയിരക്കണക്കിനുപേര്‍ തടിച്ചുകൂടിയിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1900ത്തോളം ഫലസ്തീനികള്‍ ഇതിനോടകം ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിലേറെ പേരും കുഞ്ഞുങ്ങളായിരുന്നു.

‘കഴിഞ്ഞ മൂന്ന് ദിവസം ജീവിതം സന്തോഷകരമായിരുന്നു. വെടിിര്‍ത്തല്‍ അവസാനിച്ചതോടെ വീണ്ടുമത് ഭയത്തിലായിരുക്കുന്നു.’ 45 കാരിയായ അമല്‍ അല്‍ മസ്രി പറയുന്നു.

‘ആ കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തത്? അവന്‍ ആത്മഹത്യ ചെയ്തു എന്നാവും ഇസ്രഈല്‍ ഇനി പറയാന്‍ പോകുന്നത് എന്ന് എനിക്കുറപ്പുണ്ട്.’ സാബയുടെ അയല്‍ വാസിയായ മഹ്മൂദ് അല്‍ അമൗദി പറയുന്നു. അദ്ദേഹം തുടരുന്നു; ‘എവിടെ ബറാക്ക് ഒബാമ? എവിടെ ഹ്യൂമന്‍ റൈറ്റ് വാച്ച്? ടിവിയില്‍ അവര്‍ ആക്രോശിക്കുന്ന സ്വതനന്ത്രലോകം എവിടെ?’

അമേരിക്കയും ഐക്യരാഷ്ട്രസഭയും ആക്രമണത്തെ അപലപിച്ചു:

ഇസ്രഈലിന്റെ പുതിയ ആക്രമണത്തെ അമേരിക്കയും ഐക്യരാഷ്ട്രസഭയും അപലപിച്ചു. എന്നാല്‍ ഹമാസിന്റെ മിസാല്‍ ആക്രമണത്തെ തുടര്‍ന്നാണ് ഇസ്രഈല്‍ ആക്രമണം നടത്തിയിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും സ്ഥായിയായ വെടിനിര്‍ത്തലിനുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ഹമാസ് മിസൈല്‍ ആക്രമണം അഴിച്ചുവിടാന്‍ തീരുമാനിച്ചതാണ് ഇപ്പോഴത്തെ ഏറ്റവും പുതയ ആക്രമണങ്ങള്‍ക്ക് കാരണം. ഇത് ഫലസ്തീന്‍ ജനത ആഗ്രഹിക്കുന്ന കാര്യങ്ങളല്ല വരുത്തിവെക്കുക എന്നും അമേരിക്ക ചൂണ്ടിക്കാട്ടി.

എന്നാല്‍ സാധാരണക്കാര്‍ ഇനിയും ആക്രമിക്കപ്പെടുന്നത് ‘സഹിക്കാന്‍ കഴിയാത്തതാ’ണെന്നാണ് ഐക്യരാഷ്ട്രസഭ പ്രതികരിച്ചിരിക്കുന്നത്. ആക്രമണം പുനരാരംഭിച്ചത് ശരിയായ നടപടിയല്ല എന്നാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ബാന്‍കി മൂണിന്റെ അഭിപ്രായം. മനുഷ്യത്വപരമായി വെടിനിര്‍ത്തലിനെ ഇരുകൂട്ടരും മാനിക്കണമെന്നും കെയ്‌റോയില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ തുടരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതേസമയം ഹമാസ് അല്ല റോക്കറ്റ് ആക്രമണം നടത്തിയതെന്ന് ഫലസ്തീനിലെ മറ്റ് ചില ഗ്രൂപ്പുകളാണ് അത് ആരംഭിച്ചതെന്നും മുതിര്‍ന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.