ഗസ്സ: ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതോടെ ഗസ്സ സമാധാനജീവിതത്തിലേക്ക് മടങ്ങിവരുന്നു. ഫലസ്തീന്‍ ജനത ബുധനാഴ്ച രാത്രിയിലെ ഒത്തുതീര്‍പ്പ് ആഘോഷിച്ച് യുദ്ധം  നാശംവിതച്ച ഗസ്സ സിറ്റിയിലെ തെരുവിലിറങ്ങി.

ബുധനാഴ്ച രാത്രി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്ന ശേഷവും ഹമാസ് ഏതാനും റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് വിക്ഷേപിച്ചെങ്കിലും ഇസ്രയേല്‍ തിരിച്ചടിച്ചില്ല.

Ads By Google

ഇതേ ദിവസം രാത്രി ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് കമേല്‍ അമര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണുമായി ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

വെടിനിര്‍ത്തല്‍ കരാര്‍ അനുസരിച്ച് കര, ജല, വ്യോമ മാര്‍ഗമുള്ള എല്ലാ കടന്നാക്രമണങ്ങളും ഇസ്രയേല്‍ നിര്‍ത്തിവെച്ചു. ഫലസ്തീന്‍ സംഘടനകള്‍ ഗസ്സ മുനമ്പില്‍ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളും അവസാനിപ്പിച്ചു.

എന്നാല്‍ ഇസ്രേലി സേന ഇപ്പോഴും ഗസ്സ അതിര്‍ത്തിയില്‍ തങ്ങുകയാണ്. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി യഹൂദ് ബറാക് മുന്നറിയിപ്പു നല്‍കി.

ഹമാസ് പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയാ ഇന്നലെ ഗസയില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുര്‍സി വഹിച്ച പങ്കിനെ ഹനിയ പ്രശംസിച്ചു.

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായി 24 മണിക്കൂര്‍ പിന്നിട്ടാലുടന്‍ അതിര്‍ത്തി വഴിയുള്ള എല്ലാ വാതിലുകളും തുറക്കാനും ജനങ്ങളുടെയും സാധനങ്ങളുടെയും സ്വതന്ത്രസഞ്ചാരം ഉറപ്പാക്കാനും ഇസ്രയേല്‍ ബാധ്യസ്ഥമാണ്.

ഉടമ്പടി സാധ്യമാക്കാന്‍ പരിശ്രമിച്ചതിന് അമേരിക്കയോടും ഈജിപ്തിനോടും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നന്ദി രേഖപ്പെടുത്തി. നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറാണ് ഇസ്രയേലിന് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

സുസ്ഥിരമായ വെടിനിര്‍ത്തല്‍ ഉടമ്പടിക്കായി പരിശ്രമിച്ച ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അദ്ദേഹത്തിന്റെ വ്യക്തിപരമായ നേതൃത്വത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അഭിനന്ദിച്ചു.