എഡിറ്റര്‍
എഡിറ്റര്‍
ഗാസയില്‍ ഹമാസ് ആസ്ഥാനത്ത് ഇസ്രായേല്‍ വ്യോമാക്രമണം; പശ്ചിമേഷ്യ യുദ്ധഭീതിയില്‍
എഡിറ്റര്‍
Saturday 17th November 2012 11:50am

ഗാസ: ഇസ്രായേല്‍ സേനയും ഫലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാകുന്നു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണം തുടരുകയാണ്.

ബുധനാഴ്ച്ച രാത്രി ഉണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ അഹമ്മദ് അല്‍ ജബാരി കൊല്ലപ്പെട്ടതോടെയാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്. ഇതിന്റെ പ്രതികാരമായായിരുന്നു ഹമാസ് റോക്കറ്റാക്രമണം നടത്തിയത്.

ഗാസയിലെ ഹമാസ് ആസ്ഥാനത്താണ് ഇസ്രായേല്‍ ആക്രമണം നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധസാധ്യത ഇതോടെ വളരെ കൂടിയിരിക്കുകയാണ്. സംഭവത്തില്‍ ഇതുവരെയായി ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 28 ഫലസ്തീനികളും മൂന്ന് ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടു.

Ads By Google

ഗാസയില്‍ നിന്നുണ്ടായ റോക്കറ്റാക്രമണം ഇസ്രായേലിനെ ഏറെ ഞെട്ടിച്ചിരുന്നു. ആദ്യമായാണ് ഗാസയില്‍ നിന്നും റോക്കറ്റ് ഇസ്രായേല്‍ തലസ്ഥാനത്തെത്തുന്നത്.

ഗാസയില്‍ നിന്നും റോക്കറ്റാക്രമണം ശക്തമായതോടെ കഴിഞ്ഞ ബുധനാഴ്ച്ച മുതല്‍ ഇസ്രായേല്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 30,000 സൈനികരെ ഗാസാമുനമ്പില്‍ വിന്യസിച്ച് ഇസ്രായേല്‍ കരയുദ്ധത്തിന് മുന്നൊരുക്കം നടത്തുന്നതായും സൂചനയുണ്ട്.

ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം കന്‍ഡില്‍ ഗാസയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലും ഇസ്രായേല്‍ ആക്രമണം തുടര്‍ന്നു.

ഹമാസ് പ്രധാനമന്ത്രി ഇസ്മായില്‍ ഹാനിയാഹിന്റെ വീട്ടിലെ ജനറേറ്ററും ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു.

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയും രംഗത്ത് വന്നിട്ടുണ്ട്.

ഫലസ്തീനികള്‍ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ ഹമാസ് പ്രധാനമന്ത്രി ഹനിയാഹ് ഈജിപ്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, യുദ്ധ സാധ്യത ഒഴിവാക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും  ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണിന്റെ നേതൃത്വത്തില്‍ ഇസ്രായേലും ഈജിപ്തുമായി ചര്‍ച്ച സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Advertisement