ജറുസലേം: വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഇസ്രായേല്‍ നീക്കത്തില്‍ പ്രതിഷേധിച്ച് വെസ്റ്റ്ബാങ്കില്‍ എത്തിയ ഫലസ്തീന്‍കാരെ ഇസ്രായേല്‍ സൈന്യം നിര്‍ബന്ധപൂര്‍വം നീക്കി.

Ads By Google

വെസ്റ്റ്ബാങ്കില്‍ കൂടാരങ്ങള്‍ നിര്‍മിച്ച് തമ്പടിച്ച പ്രതിഷേധകരെയാണ് സൈന്യം നീക്കം ചെയ്തത്. ഫലസ്തീന്‍ നേതാവ് മുസ്തഫ ബര്‍ഗൗതി ഉള്‍പ്പെടെയുള്ളവരെയാണ് സൈന്യം നീക്കിയത്.

സൈന്യത്തിന്റെ ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരപിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു സൈന്യത്തിന്റെ നീക്കം.

ഫലസ്തീനില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രായേല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വെസ്റ്റ്ബാങ്കിലും ജറുസലേമിലും 3000 കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് ഇസ്രായേല്‍ പദ്ധതി.

ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന് നിരീക്ഷകരാഷ്ട്ര പദവി ലഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇസ്രായേലിന്റെ നടപടി.

ഫലസ്തീന് മേല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ആളപായമുണ്ടായിരുന്നു. കുട്ടികളായിരുന്നു ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചവരിലേറെയും. ലോകത്തിന് മുന്നില്‍ ഇസ്രായേലിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ച സംഭവമായിരുന്നു ഇത്.