എഡിറ്റര്‍
എഡിറ്റര്‍
ഇസ്രായേലില്‍ നെതന്യാഹു അധികാരത്തിലെത്തുമെന്ന് സൂചന
എഡിറ്റര്‍
Wednesday 23rd January 2013 10:05am

ജറുസലേം:  ഇസ്രായേല്‍ പ്രധാനമന്ത്രി പദത്തലേക്ക് ബെഞ്ചമിന്‍ നെതന്യാഹു മൂന്നാം വട്ടവും എത്തുമെന്ന് സൂചന. ഇന്നലെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി തന്നെ അധികാരത്തിലെത്തുമെന്നാണ് അറിയുന്നത്.

പാര്‍ട്ടിക്ക് ഇത്തവണ സീറ്റ് കുറയുമെന്നാണ് സര്‍വേ ഫലങ്ങളെങ്കിലും പാര്‍ട്ടി നേതൃത്വം നല്‍കുന്ന വലതുപക്ഷ സഖ്യത്തിനു ഭരണം നിലനിര്‍ത്താനാവും.

ഇസ്രായേല്‍ പാര്‍ലമെന്റായ സെനറ്റില്‍ 120 അംഗങ്ങളില്‍ 31 സീറ്റുകളോടെ നെതന്യാഹുവു നേതൃത്വം നല്‍കുന്ന വലതുമുന്നണി ഏറ്റവും അധികം സീറ്റുനേടുന്ന മുന്നണിയെന്ന നിലയില്‍ അധികാരം നിലനിര്‍ത്തുമെന്നാണ് സൂചന.

വലതുപക്ഷ പാര്‍ട്ടി ഇസ്രായേല്‍ ബെയ്റ്റിനുവും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും ഒത്തുചേരുന്ന ഈ മുന്നണിക്ക് കഴിഞ്ഞ പാര്‍ലമെന്റില്‍ 42 സീറ്റുകളാണുണ്ടായിരുന്നത്.

തിരഞ്ഞെടുപ്പ് ജയസാധ്യത പുറത്തുവന്നതോടെ ഇറാനെതിരെ പുതിയ പരാമര്‍ശവുമായി നെതന്യാഹു രംഗത്തെത്തുകയും ചെയ്തു.

ആണവായുധങ്ങള്‍ കൈക്കലാക്കാനുള്ള ഇറാന്റെ നീക്കങ്ങള്‍ ചെറുക്കുകയാണ് തന്റെ ആദ്യത്തെ വെല്ലുവിളിയെന്ന് നെതന്യാഹു വ്യക്തമാക്കി. ഇത് മൂന്നാം തവണയും താന്‍ തന്നെ അധികാരത്തിലെത്തുമെന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.

മൂന്നാം തവണയും തനിക്ക് പ്രധാനമന്ത്രിയാകാനുള്ള അവസരം തന്ന ജനങ്ങളോട് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. 32 പാര്‍ട്ടികളാണ് ഇസ്രായേല്‍ തിരഞ്ഞെടുപ്പിലെ 120 സീറ്റുകളിലേക്ക് മല്‍സരിച്ചത്.

Advertisement