എഡിറ്റര്‍
എഡിറ്റര്‍
വെടിനിര്‍ത്തലിന് ശേഷവും ഗാസയില്‍ ഇസ്‌റായേല്‍ ആക്രമണം; ഒരാള്‍ മരിച്ചു
എഡിറ്റര്‍
Saturday 24th November 2012 12:00am

ഗസ്സ: വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം. ഇന്നലെ ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റ് ഒരു ഫലസ്തീനി യുവാവ് കൊല്ലപ്പെടുകയും പത്ത് കുട്ടികളടക്കം 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുകയായിരുന്ന സാധാരണക്കാര്‍ക്ക് നേരെയാണ് സൈന്യം വെടിവെച്ചതെന്ന് അല്‍ജസീറ പറയുന്നു. അബ്ദുല്‍ ഹദി ഖ്വഇദി അന്‍വറാണ്(21) കൊല്ലപ്പെട്ടത്.

Ads By Google

തെക്കുപടിഞ്ഞാറന്‍ ഗസ്സയിലെ ഖാന്‍ യൂനിസിനും ഇസ്രായേലിനും ഇടയിലുള്ള അതിര്‍ത്തി പ്രദേശത്താണ് ആക്രമണമുണ്ടായത്. അതിര്‍ത്തിയില്‍ നിലയുറപ്പിച്ച ഇസ്രായേല്‍ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിന് നേരെ വെടുയുതിര്‍ക്കുകയായിരുന്നെന്നാണ് അറിയുന്നത്.

കഴിഞ്ഞ ഒമ്പത് ദിവസമായി നടന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. ഇതിനെ തുടര്‍ന്ന് അതിര്‍ത്തി മേഖലിയിലുണ്ടായിരുന്ന സഞ്ചാര നിരോധനം എടുത്തുകളയുകയും ചെയ്തിരുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷമുണ്ടാകുന്ന ആദ്യത്തെ ആക്രമണമാണിത്. എന്നാല്‍ പ്രഖ്യാപനം നടത്തിയ ഉടന്‍ തന്നെ ഇനിയും ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി യഹൂദ് ബരാക് രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ ആക്രമണമുണ്ടായതെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ അതിര്‍ത്തി മേഖലയില്‍ വെടിവെപ്പുണ്ടായതായി അറിയില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഇസ്രായേല്‍ സൈനിക വാക്താക്കള്‍ അറിയിച്ചു. അതിര്‍ത്തി ലംഘനം നടത്താതിരിക്കാന്‍ ആകാശത്തേക്ക് വെടിവെക്കുക മാത്രമാണ് സൈനികര്‍ ചെയ്തതെന്നാണ് വാക്താക്കള്‍ നല്‍കുന്ന വിശദീകരണം.

ബുധനാഴ്ച്ച ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം കൊണ്ടുവന്നത്. ഒമ്പത് ദിവസങ്ങളായി നടന്ന ആക്രമണത്തില്‍ 163 ഫലസ്തീന്‍കാരും ആറ് ഇസ്രായേലികളും കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യകത്മാക്കുന്നത്.

അതേസമയം, ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതില്‍ ഹമാസ് ശക്തമായി അപലപിച്ചു. ഇനിയൊരു പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടികള്‍ക്ക് നിര്‍ബന്ധിതരാകുമെന്നും മധ്യസ്ഥത വഹിച്ച ഈജിപ്ത് അധികൃതരോട് ഹമാസ് വ്യക്തമാക്കി.

Advertisement