ഗാസ: ഇസ്രയേലും ഫലസ്തീനും ഔദ്യോഗികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇതോടെ ഒരാഴ്ചയായി നീണ്ട യുദ്ധത്തിന് താത്കാലിക വിരാമമായി. ഈജിപ്ത് വിദേശകാര്യ മന്ത്രിയായ കമല്‍ അമറാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഔദ്യോഗികമായി അറിയിച്ചത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലീന്‌റണും കമാല്‍ അമറും കെയ്‌റോയില്‍ നടത്തിയ മാധ്യമസമ്മേളനത്തിലാണ് വെടിനിര്‍ത്താനുളള തീരുമാനം പ്രഖ്യാപിച്ചത്.

Ads By Google

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രായേല്‍ വ്യോമസേന വഴിയും കര-നാവിക സേന വഴിയും അതിര്‍ത്തി കടന്നും നടത്തുന്ന ആക്രമണങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെക്കണം. പലസ്തീനിലെ ഹമാസ് ഇസ്രായേലിനെതിരെ നടത്തുന്ന റോക്കറ്റ് അക്രമാണങ്ങള്‍ നിര്‍ത്തിവെക്കാനും പരസ്പരധാരണയായി. ഈജിപ്തിന്റെയും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്റെയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രായേല്‍, ഹമാസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുത്ത അമേരിക്കയെയും ഇൗജിപ്തിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നന്ദി രേഖപ്പെടുത്തി.

ഇരു രാജ്യങ്ങളും തമ്മില്‍ ഒരാഴ്ചയിലധികം നീണ്ടുനിന്ന ആക്രമണത്തില്‍ 7 കുട്ടികളടക്കം 162 പേരാണ് മരിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും 12 റോക്കറ്റുകള്‍ പലസ്തീനു മുകളില്‍വര്‍ഷിച്ചതായി ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പശ്ചിമേഷ്യ സന്ദര്‍ശിക്കുന്ന യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വെസ്റ്റ് ബാങ്കില്‍ പലസ് തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തി. യു.എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കണ്ടു.

ഗാസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരുന്ന കാര്യമായിരുന്നു ചര്‍ച്ചാ വിഷയം. ഈജിപ്ത് പ്രസിസഡന്റ് മുഹമ്മദ് മുര്‍സിയുമായി ചര്‍ച്ച നടത്താന്‍ അവര്‍ കയ്‌റോയിലെത്തിയിരുന്നു.പശ്ചിമേഷ്യയിലെ ബലപ്രയോഗങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ടെല്‍ അവീവിലെ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ ഗാസയില്‍ ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. വേറെയും വ്യോമാക്രമണങ്ങളുണ്ടായി.