മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജനസംഖ്യാനുപാത പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ഇടതു-വലതു മുന്നണികള്‍ തയ്യാറാകണമെന്ന് ഐ.എസ്.എം സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. മത ന്യൂനപക്ഷങ്ങളെ വോട്ടു ബാങ്കുകളായി മാത്രം കാണുന്ന പരമ്പരാഗത സമീപനത്തിനു പകരം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവര്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം നനല്‍കണം. മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ന്യൂനപക്ഷ ക്ഷേമ പരിപാടികള്‍ നടപ്പിലാക്കുന്നതിലും സക്രിയമായി ഇടപെടുന്നവരെ സ്ഥാനാര്‍ഥികളായി പരിഗണിക്കാന്‍ രാഷ്ട്രീയ നേതൃത്വം ശ്രദ്ധിക്കണം.

വ്യക്തി പൂജ പ്രവാചകന്‍ വിലക്കിയ മതവിരുദ്ധ നടപടിയാണെന്നിരിക്കെ അജ്ഞാതമായ മുടി ഉപയോഗിച്ച് ആത്മീയ വാണിഭം നടത്തുന്നവര്‍ ഇസ്‌ലാമിന്റെ വിശ്വാസ മൗലികതയെ തുരങ്കം വെക്കുകയാണ് ചെയ്യുന്നതെന്ന് പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി. കേശ പ്രതിഷ്ഠയിലൂടെ തിരിച്ചുകിട്ടാനിരിക്കുന്നത് അനേകം കോടികളാണെന്ന് അറിയാവുന്ന പൗരോഹിത്യ കുബുദ്ധിയാണ് മുടിക്കച്ചവടവുമായി രംഗത്ത് വന്നിരിക്കുന്നത്. ദുര്‍ബല വിശ്വാസികളെ ചൂഷണം ചെയ്ത് അന്ധവിശ്വാസ പ്രചാരണം നടത്തുന്ന യാഥാസ്ഥിതിക നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ഐ.എസ്. എം ആവശ്യപ്പെട്ടു.