താന്‍ ഐ.എസ് തടങ്കലില്‍ കൊടിയ പീഡനങ്ങള്‍ക്കിരയായെന്ന് സുബ്ഹാനി; ഐ.എസ് വിട്ടത് യുദ്ധ ഭീകരതയില്‍ മനംമടുത്ത്
Daily News
താന്‍ ഐ.എസ് തടങ്കലില്‍ കൊടിയ പീഡനങ്ങള്‍ക്കിരയായെന്ന് സുബ്ഹാനി; ഐ.എസ് വിട്ടത് യുദ്ധ ഭീകരതയില്‍ മനംമടുത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th October 2016, 10:11 am

ഇറാഖിലും സിറിയയിലും അഞ്ചുമാസം താമസിച്ചെന്നും ഐ.എസിനായി യുദ്ധം ചെയ്‌തെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എന്‍.ഐ.എ അറിയിച്ചു. 


കൊച്ചി: താന്‍ ഐ.എസ് തടങ്കലില്‍ കൊടിയ പീഡനങ്ങള്‍ക്കിരയായെന്ന് എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ സുബ്ഹാനി ഹാജ മൊയ്തീന്‍.

യുദ്ധഭൂമിയിലെ അക്രമവും ദുരിതവും തന്റെ മനംമടുപ്പിച്ചെന്നും കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ ഷെല്‍ ആക്രമണത്തില്‍ കണ്‍മുന്നില്‍ കൊല്ലപ്പെട്ടതോടെ ഐ.എസ് വിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതായി എന്‍.ഐ.എ അറിയിച്ചു.

ഐ.എസ് വിടാനുള്ള തീരുമാനം ബന്ധപ്പെട്ടവരെ അറിയിച്ചതോടെ ഇയാള്‍ തടങ്കലിലായി. തുടര്‍ന്ന് ഐ.എസ് ജഡ്ജി മുമ്പാകെ ഹാജരാക്കപ്പെട്ട ഇയാളെ സിറിയയിലെ റഖയില്‍ ജയിലിലടച്ചു. കടുത്ത പീഡനങ്ങളാണ് അവിടെ ഇയാള്‍ക്ക് ഏല്‍ക്കേണ്ടി വന്നതെന്നും പിന്നീട് അജ്ഞാതമായ കാരണത്താല്‍ ഐ.എസ് ഉപേക്ഷിച്ച് പോകാന്‍ ഇയാള്‍ക്ക് അനുമതി ലഭിച്ചുവെന്നും എന്‍.ഐ.എ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുനെല്‍വേലിയില്‍നിന്നാണ് എന്‍.ഐ.എ സംഘം ഇയാളെ അറസ്റ്റു ചെയ്തത്.. ഇയാള്‍ ഇറാഖിലാണ് പരിശീലനം തേടിയത്. ഇറാഖിലും സിറിയയിലും അഞ്ചുമാസം താമസിച്ചെന്നും ഐ.എസിനായി യുദ്ധം ചെയ്‌തെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എന്‍.ഐ.എ അറിയിച്ചു.

ഐ.എസിനായി യുദ്ധം ചെയ്യാന്‍ മൊസൂളിലേക്കാണ് സുബ്ഹാനിയെ നിയോഗിച്ചിരുന്നത്. ഐ.എസിനായി യുദ്ധം ചെയ്തതിന് ഇന്ത്യയില്‍ പിടിയിലാകുന്ന രണ്ടാമത്തെയാളാണ് സുബ്ഹാനി. ഹാജി മൊയ്തീന്‍, അബുമീര്‍ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെടുന്നതായും എന്‍.ഐ.എ പറഞ്ഞു. തൊടുപുഴ സ്വദേശിയായ മാളിയേക്കല്‍ സുബ്ഹാനി ഹാജ മൊയ്തീന്‍ (31) ഏറെ കാലമായി തമിഴ്‌നാട് തിരുനെല്‍വേലി കടയനല്ലൂരാണ് താമസിച്ചിരുന്നത്.


ഐ.എസ് റിക്രൂട്ട്‌മെന്റിനായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലൂടെയാണ് ഇയാള്‍ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയും റിക്രൂട്ട് ചെയ്യപ്പെടുകയുമുണ്ടായതെന്ന് എന്‍.ഐ.എ വ്യക്തമാക്കി. വിസിറ്റിംഗ് വിസയില്‍ ചെന്നൈ വഴി തുര്‍ക്കിയിലെ ഇസ്താംബൂളിലെത്തിയ ഹാജ മൊയ്തീന്‍ പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ളവര്‍ക്കൊപ്പം ഇറാഖിലെ ഐ.എസ് നിയന്ത്രിത മേഖലയിലേക്ക് കടക്കുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ ഇവിടെ ഐസിസ് നടത്തുന്ന ശരീഅ കോഴ്‌സില്‍ ചേരുകയും അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്തു. ശേഷം മൊസൂളിലെ യുദ്ധഭൂമിയില്‍ സുരക്ഷാ ഭടനായി നിയുക്തനായി. രണ്ടാഴ്ചക്കാലം യുദ്ധഭൂമിയില്‍ പ്രവര്‍ത്തിച്ച ഇയാള്‍ക്ക് ദിവസ വേതനമായി 100 അമേരിക്കന്‍ ഡോളര്‍ ലഭിച്ചിരുന്നതായും എന്‍.ഐ.എ പറഞ്ഞു.

രാജ്യത്ത് ഭീകരാക്രമണത്തിനു തയാറെടുക്കുകയായിരുന്ന ഐ.എസ് ബന്ധമുള്ള ആറു യുവാക്കളെ എന്‍.ഐ.എ സംഘം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നായി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തിരുനെല്‍വേലിയില്‍നിന്ന് സുബ്ഹാനിയെ കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാളുടെ തമിഴ്‌നാട്ടിലെ വീടും പരിസരവും ദേശീയ അന്വേഷണ ഏജന്‍സി പരിശോധിച്ചിരുന്നു. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തിച്ച സുബ്ഹാനിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തി പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്. 14 വരെ ഇയാളെ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ നല്‍കി.