ടുണീഷ്യ: ടുണീഷ്യയിലെ 217 അംഗ കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ റാശിദ് ഗനൂശിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക് പാര്‍ട്ടിയായ അന്നഹ്ദ വിജയിച്ചു. ഫലം പ്രഖ്യാപിച്ച സീറ്റുകളില്‍ തങ്ങള്‍ക്ക് 30 ശതമാനം ലഭിച്ചതായി പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം മാനേജര്‍ അബ്ദുല്‍ ഹമീദ് അല്‍ജലാസി അറിയിച്ചു. പ്രമുഖ സംഘടനകളിലൊന്നായ പ്രോഗ്രസിവ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) പരാജയം സമ്മതിച്ചിട്ടുണ്ട്. പുതിയ ഭരണഘടനാ നിര്‍മാണ സഭ രൂപവത്കരിക്കുന്നതിന് വേണ്ടിയാണ് തിരഞ്ഞെടുപ്പ്.

അന്നഹ്ദ ദേശീയ തലത്തില്‍ ഏറ്റവും വലിയ കക്ഷിയായിരിക്കുകയാണെന്ന് അല്‍ജലാസി പറഞ്ഞു. എന്നാല്‍, സ്വതന്ത്ര തിരഞ്ഞെടുപ്പ് കമീഷന്‍ ഔദ്യോഗിക ഫല പ്രഖ്യാപനം നടത്തിയിട്ടില്ല. മുസ്തഫ ബിന്‍ ജഅ്ഫര്‍ നേതൃത്വം നല്‍കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇടതു പാര്‍ട്ടിയായ കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ലിക്കും അന്നഹ്ദയുടെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ട്

അറബ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ട ടുനീഷ്യയില്‍ നടന്ന തിരഞ്ഞെടുപ്പ് ചരിത്രപരമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ വിജയം നേടിയ അന്നഹ്ദയാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുക. ഭരണഘടന മാറ്റിയെഴുതുന്നതുവരെയുള്ള ഇടക്കാല സര്‍ക്കാറിനെയും താല്‍ക്കാലിക പ്രസിഡന്റിനെയും അവര്‍ നിയമിക്കും. ഇസ്‌ലാമിക ഭരണം അടിച്ചേല്‍പ്പിക്കില്ലെന്ന് അന്നഹ്ദ പ്രഖ്യാപിച്ചു.

ജനകീയ പ്രക്ഷോഭം നടന്ന് 10 മാസത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ കനത്ത പോളിങ് രേഖപ്പെടുത്തിയിരുന്നു. ടുനീഷ്യയില്‍ ഏകാധിപത്യ ഭരണം നടത്തിയ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി ജനുവരി 14ന് പലായനം ചെയ്യുകയായിരുന്നു.