കൊച്ചി: സംസ്ഥാനത്ത് ഇസ്‌ലാമിക് ബാങ്ക് സ്ഥാപിക്കുന്നതിനെ ചോദ്യംചെയ്ത് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ഇസ്‌ലാമിക് ബാങ്ക് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതി ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.

കെ.എസ്.ഐ.ഡി.സിയുടെ കീഴില്‍ സാമ്പത്തിക കൂട്ടായ്മ നടപ്പാക്കാനായിരുന്നു നീക്കം. ഇതിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുകയും ചെയ്തു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് സുബ്രഹ്മണ്യം സ്വാമി അടക്കമുള്ളവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് വിഷയത്തില്‍ നിലട് വ്യക്തമാക്കാന്‍ റിസര്‍വ് ബാങ്കിനും കേന്ദ്രത്തിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍സ് (എന്‍.ബി.എഫ്.സി) വിഭാഗത്തില്‍പെടുന്നതാണ് ഇതെന്നും ദേശീയതലത്തില്‍ ഇത്തരമൊരു സ്ഥാപനത്തിനും അനുമതി നല്‍കിയിട്ടില്ലെന്നും റിസര്‍വ് ബാങ്ക് കോടതിയെ അറിയിച്ചിരുന്നു. രണ്ടുമാസത്തെ വാദംകേള്‍ക്കലിനൊടുവിലാണ് ഹൈക്കോടതി പ്രശ്‌നത്തില്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.